ഫിറ്റ് കണ്ണൂര്‍: എല്ലാ ഞായറാഴ്ചകളിലും പൊതുജനങ്ങള്‍ക്ക് വ്യായാമ പരിശീലനം

post

കണ്ണൂര്‍: വ്യായാമത്തിലൂടെ ആരോഗ്യം എന്ന മുദ്രാവാക്യവുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഫിറ്റ് കണ്ണൂര്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനത്ത് നടക്കുന്ന വ്യായാമ പരിപാടികളില്‍ എല്ലാ ഞായറാഴ്ചകളിലും പൊതുജനങ്ങള്‍ക്ക് പരിശീലന സൗകര്യമൊരുക്കാന്‍ എഡിഎം ഇ. പി. മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രാവിലെ 6.30ന് പരിശീലനത്തിന് തുടക്കമാവും. കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ തുടങ്ങി ഓരോ വിഭാഗത്തിനും അനുയോജ്യമായ രീതിയിലുള്ള വ്യായാമ മുറകളില്‍ പരിശീലനം നല്‍കും. ശാസ്ത്രീയമായും ശരിയായ രീതിയിലും വ്യായാമമുറകള്‍ ശീലിപ്പിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എഡിഎം പറഞ്ഞു. യോഗയിലും എയറോബിക്‌സിലും പരിശീലനം നല്‍കും.

നഗരപ്രദേശങ്ങളിലെ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളെ കുടുംബസമേതം വ്യായാമ പരിപാടിയില്‍ പങ്കാളികളാക്കും. ജില്ലാ റസിഡന്റ്‌സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കും. നഗരത്തില്‍ പ്രഭാത സവാരിക്കെത്തുന്നവരെ പരിശീലന പരിപാടിയുടെ ഭാഗമാക്കാന്‍ വാക്കേഴ്‌സ് ക്ലബ്ബും പ്രത്യേക താല്‍പര്യമെടുക്കും. ഇതോടൊപ്പം ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവരും വ്യായാമ പരിപാടിയുടെ ഭാഗമാവും. വ്യായാമത്തിനെത്തുന്നവരുടെ താല്‍പര്യത്തിനനുസരിച്ച് ആഴ്ചയില്‍ കൂടുതല്‍ ദിവസങ്ങളില്‍ പരിശീലനത്തിന് സൗകര്യമൊരുക്കും. നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഹോസ്റ്റലുകള്‍, കോളേജുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പരിപാടിക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.

നവംബര്‍ അഞ്ചിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫിറ്റ് കണ്ണൂര്‍ പരിപാടിയുടെ ഭാഗമായി കലക്ടറേറ്റ് ജീവനക്കാര്‍ക്കായി വൈകുന്നേരങ്ങളില്‍ നടക്കുന്ന വ്യായാമപരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താമസിയാതെ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ഫിറ്റ് കണ്ണൂര്‍ പരിപാടികള്‍ വ്യാപിപ്പിക്കാനാണ് ജില്ലാ കലക്ടറുടെ പദ്ധതിയെന്നും  എ ഡി എം അറിയിച്ചു.   ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫിറ്റ് കണ്ണൂര്‍ പരിപാടി ജില്ലയില്‍ നടപ്പിലാക്കുന്നത്.

ആലോചന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ പി ജയബാലന്‍, കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. പി ഇന്ദിര, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, ഡി ടി പി സി സെക്രട്ടറി ജിതീഷ് ജോസ്, സ്‌പോര്‍ട്‌സ് ഡിവിഷന്‍ കോച്ച് പ്രമോദന്‍, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം ജിം പരിശീലക വി സന്ധ്യ, ജില്ലാ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ പി ജോയ്, ആര്‍ അനില്‍ കുമാര്‍, കെ പി മുരളി കൃഷ്ണന്‍ തുടങ്ങിയവര്‍ സംപങ്കെടുത്തു.