സപ്തഭാഷാഭൂമിയില്‍ കേരള സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ ഗംഭീര തുടക്കം

post

കാസര്‍കോഡ്: 60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തുളുമണ്ണില്‍ പ്രൗഢഗംഭീരമായ തുടക്കം. കാസര്‍കോടിന്റെ കലാവൈവിധ്യങ്ങളായ യക്ഷഗാനവും 'അലാമിക്കളിയും' പൂരക്കളിയും  ചുവട് വെച്ച് സ്വാഗത ഗാനത്തിന് ശേഷം നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം നടന്നു.

ജില്ലയുടെ സ്വന്തം മന്ത്രിയായ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചടങ്ങിന് അധ്യക്ഷനായി. കൈ മെയ് മറന്ന് നടത്തിയ സംഘാടനം മികച്ചതായെന്ന് മന്ത്രി പറഞ്ഞു. 'നാടും നഗരവും കലാ നഗരിയിലേക്ക് ഒഴുകുകയാണ്. നാട്ടുകാര്‍ അതിഥികളോട് സ്‌നേഹത്തോടെ ഇടപഴകണം' മന്ത്രി ഓര്‍മ്മിപ്പിച്ചു.

നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, സിനിമാ താരം ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് വിളക്കില്‍ തിരി തെളിയിച്ചു.

കലോത്സവം കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന് മുന്നില്‍ വെക്കാവുന്ന  ഏറ്റവും വലിയ സാംസ്‌കാരിക സമ്മേളനത്തിന് സാക്ഷ്യം വഹിക്കുകയാണ് നാം. മനുഷ്യര്‍ക്കിടയിലുള്ള മതിലുകളെല്ലാം തകര്‍ത്ത് മാനവികതയുടെ സന്ദേശം വിളിച്ചോതാന്‍ ഓരോ കലോത്സവത്തിനും കഴിയും. നമ്മുടെ സംസ്‌കാരങ്ങള്‍ പലവിധത്തിലുള്ള ആശങ്കകള്‍ നേരിടുന്ന സാഹചര്യത്തില്‍ ഈ മേള പ്രാധാന്യമര്‍ഹിക്കുന്നു. കലോത്സവങ്ങള്‍ രക്ഷിതാക്കള്‍ക്കുള്ള മത്സര വേദിയോ അപ്പീല്‍ പ്രളയമോ അല്ല. അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. കലോത്സവം ഗംഭീരമായി സംഘടിപ്പിക്കുന്നതില്‍ സംഘാടകര്‍ വിജയിച്ചുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മന്ത്രി പറഞ്ഞു.

കലോത്സവം ബഹുജന പങ്കാളിത്തം കൊണ്ട് ചരിത്രം രചിച്ചിരിക്കുന്നുവെന്ന് മുഖ്യാതിഥി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇനി ഈ നാടിന്റെ ദിനരാത്രങ്ങള്‍ അവിസ്മരണീയമാകും. മനുഷ്യ മനസ്സുകളില്‍ ഒരുമയുടെ സന്ദേശം നിറയ്ക്കുന്ന കലോത്സവ വേദിയില്‍ 'കുറിവരച്ചാലും കുരിശു വരച്ചാലും' എന്ന് തുടങ്ങുന്ന ഗാനം മന്ത്രി ആലപിച്ചു.

ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സിനിമാതാരം ജയസൂര്യ ആശംസകള്‍ അറിയിച്ചു. സ്വയം തിരിച്ചറിയാനുള്ള വേദികളാകണം കലോത്സവങ്ങളെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, കാസര്‍കോട് എം.എല്‍.എ.  എന്‍.എ. നെല്ലിക്കുന്ന്, തൃക്കരിപ്പൂര്‍ എം.എല്‍. എ. എം. രാജഗോപാലന്‍, മഞ്ചേശ്വരം എം.എല്‍.എ.  എം.സി. ഖമറുദ്ദീന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.