മടങ്ങിയെത്തുന്നവരെ സ്വീകരിക്കാനൊരുങ്ങി സംസ്ഥാനം

post

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരികെ വരുന്നവർക്കായുള്ള സുരക്ഷ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ.

1. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുക. ഇതില്‍ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ഉള്‍പ്പെടും.

2. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയിലെ പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനകം തന്നെ 1,30,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

3. അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റും.

4. ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം.14 ദിവസം വീട്ടില്‍ ക്വാറന്റൈനിൽ കഴിയണം.

5. ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപീകരിക്കും.

തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷന്‍, എംഎല്‍എ/എംഎല്‍എയുടെ പ്രതിനിധി, പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശ സ്ഥാപനത്തിന്‍റെ സെക്രട്ടറി, പിഎച്ച്സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്‍റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്സ് യൂണിയന്‍റെ പ്രതിനിധി എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങള്‍.

ജില്ലാതലത്തില്‍ കളക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.

ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനായിരിക്കും.

സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്‍റെ ചുമതലയായിരിക്കും.