ഗര്‍ഭിണികളുടെ പരിശോധന ഒന്നാം ഘട്ടം പൂര്‍ത്തിയായി

post

പത്തനംതിട്ട : ജില്ലയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍മൂലം ഗര്‍ഭകാല പരിശോധനകള്‍ യഥാസമയം നടത്താന്‍ സാധിക്കാത്തവര്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ പരിപാടിയുടെ ഒന്നാംഘട്ടം അവസാനിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നിശ്ചിത ദിവസങ്ങളില്‍ ഗൈനക്കോളജിസ്റ്റുകള്‍ എത്തി ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക ക്ലിനിക്കുകള്‍ സംഘടിപ്പിക്കുയായിരുന്നു. ഇപ്രകാരം 55 ക്ലിനിക്കുകളിലായി 1090 പേര്‍ക്ക് സേവനം ലഭ്യമാക്കി. ഇതില്‍ 273 പേര്‍ അതിസങ്കീര്‍ണമായ അവസ്ഥയിലുള്ളവരായിരുന്നു.

രണ്ടാംഘട്ടത്തില്‍ സേവനം ആവശ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി വീണ്ടും ക്ലിനിക്കുകള്‍ സംഘടിപ്പിക്കും. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെ കൂടാതെ സ്വകാര്യ ആശുപത്രികളിലെ 17 ഗൈനക്കോളജിസ്റ്റുകളും പരിശോധനയില്‍ പങ്കെടുത്തു.ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ്‌കുമാര്‍, എം.സി.എച്ച് ഓഫീസര്‍ കെ.കെ. ഉഷാദേവി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ക്ലിനിക്കുകളില്‍ പങ്കെടുക്കാന്‍ സ്വമേധയാ തയാറായി മുന്നോട്ടുവന്ന എല്ലാ ഗൈനക്കോളജിസ്റ്റുകള്‍ക്കും നന്ദി അറിയിക്കുന്നതായി ഡി.എം.ഒ പറഞ്ഞു.