തെങ്ങ് കയറ്റം, അനുബന്ധ തൊഴിലാളികൾക്ക് പാസ് നൽകുന്നതിന് കൃഷി ഓഫീസർമാർക്ക് ചുമതല

post

പാലക്കാട് :ജില്ലയിലേക്ക്   അന്യ സംസ്ഥാനങ്ങളിൽ  നിന്നുള്ള തെങ്ങ് കയറ്റം, അനുബന്ധ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പാസ് അനുവദിക്കുന്നതിന് കൃഷി ഓഫീസർമാർക്ക് ചുമതല നൽകി ജില്ലാ കലക്ടർ ഡി. ബാലമുരളി ഉത്തരവിട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നതിന് കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ താഴെപറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

1. തൊഴിലാളികളെ കൊണ്ടുവരുന്ന കർഷകർ തൊഴിലാളികളുടെ പട്ടിക സഹിതം അതത് കൃഷിഭവനിലെ കൃഷി ഓഫീസർക്ക് അപേക്ഷ നൽകേണ്ടതാണ്

2.  കൃഷി ഓഫീസർമാർ കർഷകർ നൽകുന്ന പട്ടിക പരിശോധിച്ച് തൊഴിലാളികൾക്ക് യാത്ര/ എൻട്രി പാസ് അനുവദിക്കേണ്ടതാണ്

3. യാത്ര/എൻട്രി പാസ് നൽകുന്ന തൊഴിലാളികളുടെ പട്ടിക കൃഷി ഓഫീസർ അതത് സ്ഥലത്തുള്ള  സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്

4.മെഡിക്കൽ ഓഫീസർമാർ തൊഴിലാളികളെ കൃത്യമായ ഇടവേളകളിൽ സ്ക്രീനിംഗ് നടത്തേണ്ടതും രോഗലക്ഷണങ്ങൾ ഉള്ളവരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടതാണ്

5. തൊഴിലാളികൾ അതിർത്തികളിലൂടെ ദിവസേന വന്നു പോകുന്നത് അനുവദനീയമല്ല.  ഒരിക്കൽ പാസ് ലഭ്യമായി കഴിഞ്ഞാൽ മുഴുവൻ ജോലികളും  കഴിഞ്ഞ ശേഷം മാത്രമേ തൊഴിലാളികൾ തിരിച്ചു പോകാൻ പാടുള്ളൂ

6. വരുന്ന തൊഴിലാളികൾക്ക് താമസം, മറ്റ് എല്ലാ സൗകര്യങ്ങളും കൊണ്ടുവരുന്ന കർഷകർ ഏർപ്പാടാക്കണം. തൊഴിലാളികളുടെ പൂർണ ഉത്തരവാദിത്വം കർഷകർക്കായിരിക്കും. 

7. കോവിഡ് 19 മുൻകരുതലുകളും സാമൂഹിക അകലവും പാലിച്ചു  മാത്രമേ ജോലികൾ ചെയ്യാൻ പാടുള്ളൂ

8. കൃഷി ഓഫീസറുടെ പാസുമായി വരുന്ന തൊഴിലാളികൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് ചെക്പോസ്റ്റ് ഉദ്യോഗസ്ഥർ അനുവാദം നൽകേണ്ടതാണ്

9. മറ്റു സംസ്ഥാനത്തു നിന്നും വരുന്നവർക്ക്  സംസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിപത്രം ഉണ്ടായിരിക്കേണ്ടതാണ്.