അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ കേരളീയർക്ക് തിരിച്ചെത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

post

കണ്ണൂർ: അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ കേരളീയർക്ക് തിരിച്ചെത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണൂർ ജില്ലയിൽ ഉദ്ദേശം പതിനാറായിരത്തോളം പേർ  നാട്ടിലേക്ക് തിരിച്ചുവരാനായി ഇതുവരെ  നോർക്കയുടെ പോർട്ടലിൽ കൂടി  രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ഭവനങ്ങളിലെ  ക്വാറന്റൈൻ സൗകര്യങ്ങൾ വിലയിരുത്താൻ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ സൗകര്യങ്ങൾ ഇല്ലാത്തവർക്കായി ബ്ലോക്ക് തലത്തിൽ കൊറോണ കെയർ സെന്ററുകൾ ആരംഭിക്കുന്നതാണ്. 

നാട്ടിലേക്കു വരാനായി നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ  covid19jagratha.kerala.nic.in  എന്ന പോർട്ടലിൽ domestic returnees pass  എന്ന ഓപ്ഷനിൽ കൂടി മൊബൈൽ നമ്പറും നോർക്ക രജിസ്റ്റർ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം യാത്രാവിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.  വാഹനത്തിന്റെ തരം, വാഹന നമ്പർ, സഹ യാത്രക്കാരുടെ വിവരം, യാത്ര തീയതിയും സമയവും, എത്തിച്ചേരുന്ന സംസ്ഥാന അതിർത്തി, എന്നീ വിവരങ്ങൾ രേഖപ്പെടുത്തി പാസ്സിന് വേണ്ടി ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് . ഓരോ അതിർത്തിയിലും നിശ്ചിത എണ്ണം പാസുകൾ മാത്രമേ ഓരോ ദിവസവും കടത്തി വിടുകയുള്ളു. ഒഴിവുള്ള ദിവസവും സമയവും തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ താമസസ്ഥലത്തു നിന്നും അതിർത്തി വരെ വാഹനം ഓടിയെത്താനുള്ള സമയം കണക്കാക്കി വേണം രേഖപ്പെടുത്തുവാൻ. 

അപേക്ഷകളുടെ കൃത്യത പരിശോധിച്ച്  സർക്കാർ നിശ്ചയിച്ചിട്ടുള്ള മുൻഗണനാക്രമം അനുസരിച്ചു പാസ് അനുവദിക്കുന്നതാണ്.  

കൂടുതൽ വിവരങ്ങൾക്കും  സംശയ നിവാരണത്തിനായി കണ്ണൂർ കണ്ട്രോൾ റൂമിൽ ബന്ധപ്പെടേണ്ട നമ്പറുകൾ 940006606, 9400066062 .  ഇമെയിൽ controlroomkannur@gmail.com