കേരളത്തിലേക്ക് മടങ്ങി വരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍

post

പത്തനംതിട്ട താഴെപറയുന്ന നടപടിക്രമങ്ങള്‍ കേരളത്തിലേക്ക് മടങ്ങി വരുന്നതിനായി സ്വീകരിക്കണമെന്ന് താത്പര്യപ്പെടുന്നു. 

1) മടങ്ങി വരാന്‍ ഉദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറില്‍ നിന്നും യാത്രാ അനുമതി വാങ്ങേണ്ടതാണ്. ആയതിനായി യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങള്‍ നോര്‍ക്കാ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് കോവിഡ് 19 ജാഗ്രത വെബ്സെറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (വെബ് വിലാസം: covid19jagratha.kerala.nic.in) ഓരോ ദിവസവും കേരളത്തിലേക്ക് മടങ്ങി വരാന്‍ അനുമതി നല്‍കിയിട്ടുള്ള യാത്രക്കാരുടെ എണ്ണവും തിരക്കും മനസ്സിലാക്കി എന്‍ട്രി ചെക്ക് പോസ്റ്റ് ഓരോ യാത്രക്കാരും തെരഞ്ഞെടുക്കേണ്ടതാണ്. നോര്‍ക്കാ വെബ്സൈറ്റില്‍    രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും covid19jagratha.kerala.nic.in വഴി  പുതുതായി രജിസ്റ്റര്‍ ചെയ്യാം. (covid-19jagratha portal >  public servicse >   Domestic return pssa >   Register (with mobile number) >  Add group, Vehicle No., Check post, time or arrival, etc. >  submit)

2) പുറപ്പെടുന്നതോ യാത്ര ചെയ്യുന്നതോ ആയ സംസ്ഥാനങ്ങളില്‍ നിന്നും യാത്രാ അനുമതി ആവശ്യമുണ്ടെങ്കില്‍ ആയത് കൂടി കരസ്ഥമാക്കാന്‍ ഓരോ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

3) സംസ്ഥാനം നോട്ടിഫൈ ചെയ്തിട്ടുള്ള അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കൂടിമാത്രം ആളുകള്‍ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കേണ്ടതും രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന ആരോഗ്യപരിശോധനയ്ക്ക് വിധേയമാകേണ്ടതുമാണ്. ചെക്ക്പോസ്റ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും അതി ര്‍ത്തികളിലൂടെ കടത്തിവിടുകയുള്ളൂ. കോവിഡ് 19 ജാഗ്രത വെബ്സൈറ്റില്‍ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാ തീയതിയും എന്‍ട്രി ചെക്ക് പോസ്റ്റും ഓരോ യാത്രക്കാര്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ്. 

4) ഓരോ വ്യക്തിയും സമര്‍പ്പിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരിലേക്കും ഇ-മെയിലിലേക്കും ക്യുആര്‍ കോഡ് സഹിതമുള്ള യാത്രാനുമതി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ നല്‍കുന്നതാണ്. ഇപ്രകാരമുള്ള യാത്രാനുമതി ലഭിച്ചതിനുശേഷം മാത്രമേ നിര്‍ദിഷ്ട യാത്ര തുടങ്ങുവാന്‍ പാടുള്ളൂ. 

5) ഒരു വാഹനത്തില്‍ ഒരു ഗ്രൂപ്പായി/കുടുംബമായി യാത്ര ആസൂത്രണം   ചെയ്തിട്ടുണ്ടെങ്കില്‍ വ്യക്തിഗത രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഗ്രൂപ്പ് രൂപീകരിക്കാവുന്നതാണ്. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികള്‍ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജില്ലാ അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിക്കേണ്ടതും ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്പര്‍ നല്‍കേണ്ടതുമാണ്. 

6) ചെക്ക്പോസ്റ്റുകളിലെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ പരിശോധനയ്ക്കായി പ്രസ്തുത യാത്രാ പെര്‍മിറ്റ് കരുതേണ്ടതാണ്. 

7) സമൂഹിക അകലം പാലിക്കുന്നതിനായി ഒരു അഞ്ച് സീറ്റര്‍ വാഹനത്തി ല്‍ നാലും, ഏഴ് സീറ്റര്‍ വാഹനത്തില്‍ അഞ്ചും, വാനില്‍ പത്തും, ബസ്സില്‍ ഇരുപത്തഞ്ചും ആളുകള്‍ മാത്രമേ യാത്ര ചെയ്യുവാന്‍ പാടുള്ളൂ. യാത്രാവേളയില്‍ ശാരീരിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കേണ്ടതുമാണ്. 

8) അതിര്‍ത്തി ചെക്ക്പോസ്റ്റ് വരെ മാത്രം വാടക വാഹനത്തില്‍ വരുകയും അതിനുശേഷം മറ്റൊരു വാഹനത്തില്‍ യാത്രാ തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികള്‍ അതത് സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങള്‍ ക്രമീകരിക്കേണ്ടതാണ്. യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നതിനായി വരുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രസ്തുത ഡ്രൈവറും യാത്രയ്ക്ക് ശേഷം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണ്. യാത്രക്കാരെ കൂട്ടുന്നതിനായി അതിര്‍ത്തി       ചെക്ക്പോസ്റ്റിലേക്ക് പോകേണ്ട വാഹനത്തിന്റെ ഡ്രൈവര്‍ കോവിഡ് ജാഗ്രതാ വെബ്സൈറ്റിലൂടെ അതത് കളക്ടര്‍മാരില്‍ നിന്നും എമര്‍ജന്‍സി പാസ്സ് വാങ്ങേണ്ടതാണ്. 

9) അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ മെഡിക്കല്‍ പരിശോധന നടത്തുന്നതാണ്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്ക് വീട്ടിലേക്ക് പോകാവുന്നതും ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതുമാണ്. രോഗലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരെ കോവിഡ് കെയര്‍ സെന്റര്‍/ഹോസ്പിറ്റലിലേക്ക് അയയ്ക്കുന്നതാണ്. 

10) മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയിട്ടുള്ള കുട്ടികള്‍/ഭാര്യ/ ഭര്‍ത്താവ്/മാതാപിതാക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരുവാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ജില്ലാ കളക്ടര്‍ പുറത്തുപോകുവാനും തിരിച്ച് വരുവാനുമുള്ള പാസ്സ് നല്‍കേണ്ടതാണ്. പ്രസ്തുത പാസ്സില്‍ യാത്ര ചെയ്യുന്ന ആളുടെ പേര്, കൊണ്ടുവരാനുദ്ദേശിക്കുന്ന ബന്ധുവിന്റെ പേര് എന്നിവ ഉണ്ടാകേണ്ടതാണ്. ഇത്തരം യാത്രകള്‍ നടത്തുന്നവര്‍ ക്വാറന്റൈന്‍ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്. ഏത് സംസ്ഥാനത്തിലേക്കാണോ പോകേണ്ടത് ആ സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യുവാന്‍ കഴിയുകയുള്ളൂ. 

11) മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ്സ് കേരളത്തിലെ അതത് ജില്ലാ കളക്ടര്‍മാര്‍ നല്‍കേണ്ടതാണ്. 

12) കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ്പ് അവരവരുടെ ഫോണുകളില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. 

13) യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (0471 2781100/2781101) നിര്‍ദിഷ്ട അതിര്‍ത്തി ചെക്ക്പോസ്റ്റുമായോ ബന്ധപ്പെടേണ്ടതാണ്.