ഹോട്ട്സ്പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി

post

കണ്ണൂര്‍: ജില്ലയിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ജില്ലാ കലക്ടര്‍ പ്രവര്‍ത്തനാനുമതി നല്‍കി. ഇവിടെ ദിവസങ്ങളായി ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബാങ്ക് ഇടപാടുകള്‍ സാധ്യമാവാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതുപ്രകാരം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് പരിമിതമായ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി നിശ്ചിത ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കാം.

കൂത്തുപറമ്പ്, പയ്യന്നൂര്‍ നഗരസഭകളിലും പെരളശ്ശേരി, കോട്ടയം, നടുവില്‍, മാടായി, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലും മെയ് അഞ്ചിനും പാനൂര്‍ നഗരസഭയിലും പാട്യം, കണിച്ചാര്‍, മാട്ടൂല്‍, കതിരൂര്‍ പഞ്ചായത്തുകളിലും മെയ് ആറിനും പന്ന്യന്നൂര്‍, കുന്നോത്തുപറമ്പ്, ചെങ്ങളായി, മുഴപ്പിലങ്ങാട്, ചിറ്റാരിപ്പറമ്പ്, കോളയാട് എന്നീ പഞ്ചായത്തുകളില്‍ മെയ് ഏഴിനും പയ്യന്നൂര്‍ നഗരസഭയിലും മൊകേരി, കൂടാളി, ഏഴോം, ന്യൂമാഹി, മാങ്ങാട്ടിടം പഞ്ചായത്തുകളിലും മെയ് എട്ടിനുമാണ് ബാങ്കുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിച്ചായിരിക്കണം ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഉത്തരവ് വ്യക്തമാക്കി.