ഇതര സംസ്ഥാന മടക്കയാത്രാ രജിസ്ട്രേഷന്‍ ഇനി ജാഗ്രത പോര്‍ട്ടലില്‍ മാത്രം

post

തിരുവനന്തപുരം : ഇതരസംസ്ഥാന പ്രവാസികളുടെ  മടക്കയാത്രാനുമതി പാസുകള്‍ കോവിഡ്  ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും യാത്ര അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നോര്‍ക്കയില്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. നോര്‍ക്കയില്‍ മടക്കയാത്രാ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി  https://covid19jagratha.kerala.nic.in/  എന്ന ജാഗ്രതാ പോര്‍ട്ടലില്‍ അപേക്ഷിക്കാം.

        നോര്‍ക്ക രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ് ഓപ്ഷനില്‍ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവര്‍ക്ക് എമര്‍ജന്‍സി ട്രാവല്‍ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍രാണ് പാസ് അനുവദിക്കുക.

        മൊബെല്‍ നമ്പര്‍, വാഹനമ്പര്‍, സംസ്ഥാനത്തേക്ക് കടക്കുന്ന ചെക്ക്  പോസ്റ്റ്, അവിടെ എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഓരേ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരേയോ ഉള്‍പ്പെടുത്തി ഗ്രൂപ്പ്് തയ്യാറാക്കി ഗ്രൂപ്പിന്റെ വിവരങ്ങളും നല്‍കണം. വിവിധ ജില്ലകളില്‍ എത്തേണ്ടവര്‍ ഒരുമിച്ചു യാത്രചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതല ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഓരോ ഗ്രൂപ്പിനും വാഹന നമ്പര്‍ നല്‍കേണ്ടതാണ്. ജില്ലാ കളക്ടര്‍മാര്‍ അപേക്ഷാ പരിശോധന പൂര്‍ത്തിയാക്കി അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍, ഇ മെയില്‍ എന്നിവ വഴിയാണ് പാസുകള്‍ ലഭ്യമാക്കുക. യാത്രാനുമതി ലഭിച്ചവര്‍ക്ക് നിര്‍ദ്ദിഷ്ട ദിവസം യാത്ര തിരിക്കാന്‍ സാധിച്ചില്ലെങ്കില്‍അതിനടുത്ത ദിവസങ്ങളില്‍ വരുന്നതിന് തടസ്സമുണ്ടായിരിക്കുകയില്ല.

        സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി അഞ്ച് സീറ്റുള്ള വാഹനത്തില്‍ നാലും ഏഴു സീറ്റുള്ള വാഹനത്തില്‍ അഞ്ചും, വാനില്‍ 10 ഉം ബസ്സില്‍ 25 ആളുകള്‍ക്കും മാത്രമേ യാത്രാനുമതി നല്‍കുകയുള്ളു. ചെക്ക് പോസ്റ്റ് വരെ വാടകവാഹനത്തില്‍ വരുന്നവര്‍ സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനുള്ള വാഹന ക്രമീകരണം സ്വയം ഏര്‍പ്പെടുത്തേണ്ടതാണ്. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കുയുള്ളു. അതിര്‍ത്തി ചെക്ക് പോസ്റ്റിലേക്ക് ആളുകളെ കയറ്റാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസറ്റര്‍ചെയ്ത്് എമര്‍ജന്‍സി പാസ് വാങ്ങേണ്ടതും യാത്രക്കു ശേഷം ഹോം ക്വാറന്റൈനില്‍ പോകേണ്ടതുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുള്ള മടക്കയാത്രാ പാസ് അതത് ജില്ലാ കളക്ടര്‍മാര്‍ വഴിയാണ് ലഭ്യമാക്കുക.

      ചെക്ക് പോസ്റ്റിലെത്തുന്നവര്‍ വൈദ്യ- എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ പരിശോധനയക്ക് വിധേയമാകണം. ഇതിനായി യാത്രാ പെര്‍മിറ്റുകള്‍ കയ്യിലോ മൊബൈലിലോ കരുതണം.  രോഗലക്ഷണങ്ങള്‍ ഉള്ളവരെ തൊട്ടടുത്ത കോവിഡ് സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റുകയും അല്ലാത്തവരെ വീടുകളിലേക്ക് ക്വാറന്റൈനിനായി അയയ്ക്കുകയുമാണ് ചെയ്യുക.

        മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ക്ക് യാത്രക്കും തിരിച്ചുവരാനുമുള്ള പാസുകള്‍ യാത്രക്കാരന്റെ ജില്ലാ കളക്ടറാണ്  നല്‍കേണ്ടത്. ഇവര്‍ ക്വാറന്റൈന്‍ നടപടി ക്രമങ്ങള്‍ പാലിക്കുകയും പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള  കളക്ടറുടെ അനുമതി വാങ്ങേണ്ടതുമാണ്.

        വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്  അനുമതി വാങ്ങുന്നതിന് സംവിധാനങ്ങളായിട്ടുണ്ട്. ഇതിനായി അപേക്ഷിക്കേണ്ട ലിങ്കുകള്‍  കര്‍ണാടക -       https://sevasindhu.karnataka.gov.in/sevasindhu/English,  തമിഴ്നാട് - https://tnepass.tnega.org, ആന്ധ്രാപ്രദേശ് - www.spandana.ap.gov.in,  തെലുങ്കാന -   dgphelpline-coron@tspolicegov.in,     ഗോവ -www.goaonline.gov.in (helpdesk no 08322419550)

യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ അതത് ചെക്ക്പോസ്റ്റുകളുമായോ സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ  (04712781100, 2781101) ബന്ധപ്പെടാം.