അട്ടപ്പാടി സാമൂഹിക അടുക്കളക്കായി ജൈവ പച്ചക്കറി തോട്ടമൊരുക്കി സംഘകൃഷി ഗ്രൂപ്പ്

post

പാലക്കാട്: അട്ടപ്പാടി സാമൂഹിക അടുക്കളക്കായി ജൈവ പച്ചക്കറി തോട്ടമൊരുക്കി സംഘകൃഷി ഗ്രൂപ്പ്. ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഭൂതിവഴി ഊരില്‍ രൂപീകരിച്ച ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവാണുണ്ടായത്. കുടുംബശ്രീ മിഷനു കീഴില്‍ നടപ്പാക്കുന്ന സാമൂഹിക അടുക്കളയിലേക്ക് ആവശ്യമായ ജൈവ പച്ചക്കറികളാണ് കുടുംബശ്രീ ഭൂതിവഴി ഊരില്‍ സംഘകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചെയ്തത്.

ഒന്നര ഏക്കര്‍ സ്ഥലത്ത് വെണ്ട, വഴുതന, ചീര, മുളക്, തക്കാളി, മത്തന്‍, കുമ്പളം, തുടങ്ങിയ വിവിധ വിളകള്‍ കൃഷി ചെയ്തിട്ടുണ്ട്. കുടുംബശ്രീ മിഷന്‍ സാമൂഹിക അടുക്കളയ്ക്ക് ആവശ്യമായ പച്ചക്കറികള്‍ ഉത്പ്പാദിപ്പിക്കുന്നതിന് ജെ.എല്‍.ജി.യ്ക്ക് (ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്) നല്‍കിയിട്ടുള്ള 50,000 രൂപയുടെ വായ്പയെടുത്താണ് കൃഷിയിറക്കിയത്.

ലോക്ക് ഡൗണ്‍ കാലത്ത് ഊരുകള്‍ക്കാവശ്യമായ പച്ചക്കറികള്‍ കനിഗുലുമേ ന്യൂട്രിഷന്‍ ഡാര്‍ഡന്‍ യൂണിറ്റ് മുഖേനയും വിവിധ ഊരുകളില്‍ പച്ചക്കറി വിതരണം ചെയ്യുന്നു. കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന മഹിളാ കിസാന്‍ സശാക്തീകരന്‍ പരിയോജന പദ്ധതിയുടെ ഭാഗമായി 799 സംഘകൃഷി ഗ്രൂപ്പ് രൂപീകരിച്ച് ഒന്നാം വിളയില്‍ 845.5 ഹെക്ടര്‍ സ്ഥലത്ത് ഭക്ഷ്യ വിളകള്‍ കൃഷി ചെയ്തിരുന്നു. 3,456 കര്‍ഷകര്‍ സംഘകൃഷി ഗ്രൂപ്പില്‍ അംഗങ്ങളാണ്. ലോക്ക് ഡൗണ്‍ കാലത്ത് കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തി ഭക്ഷ്യവിള കൃഷിക്ക് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും മേഖലയില്‍ പുരോഗമിക്കുന്നു.