കേരള ആരോഗ്യ പോര്‍ട്ടല്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു

post

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള ആരോഗ്യ പോര്‍ട്ടല്‍' - https://health.kerala.gov.in ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഈ വെബ് പോര്‍ട്ടലെന്ന് മന്ത്രി പറഞ്ഞു. വളരെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ പോര്‍ട്ടലിന് ആരോഗ്യ വകുപ്പ് രൂപം നല്‍കിയത്. കേരളത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ഇതിന്റെ പ്രത്യേകതയാണ്. പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദി കൂടിയാണിത്. കൃത്യമായ തീരുമാനവും ആസൂത്രണവുമാണ് കേരള മോഡല്‍ എന്നതുപോലെ ഈ പോര്‍ട്ടലും മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പുമായി സംവദിക്കാനുള്ള ഒരു ഓണ്‍ലൈന്‍ വേദിയായാണ് കേരള ആരോഗ്യ പോര്‍ട്ടല്‍ ആരംഭിച്ചത്. കോവിഡ് 19നെതിരായ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രോഗ്രാമുകളെയും ഇടപെടലുകളെയും കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പോര്‍ട്ടല്‍ നല്‍കുന്നു. തത്സമയ ഡാഷ് ബോര്‍ഡ് കാണാനും വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കാനും പോര്‍ട്ടല്‍ വേദി ഒരുക്കുന്നു. പൊതുജനങ്ങളില്‍ നിന്നുള്ള പൊതുവായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആരോഗ്യ വകുപ്പില്‍ നിന്ന് അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ആരോഗ്യമിത്ര ചാറ്റ് ബോട്ട് അനുവദിക്കുന്നു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എംഡി ഡോ. നവജ്യോത് ഖോസ, മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഇ-ഹെല്‍ത്ത് ടെക്‌നിക്കല്‍ മാനേജര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.