പക്ഷികള്‍ നമ്മുടെ ലോകത്തെ കൂട്ടിയിണക്കുന്നു; ഇന്ന്‌ ലോക ദേശാടന പക്ഷി ദിനം

post

തിരുവനന്തപുരം: ആഗോളതലത്തില്‍ ദേശാടന കിളികളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും അവയുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഇന്ന് ലോക ദേശാടന പക്ഷി ദിനമായി ആചരിക്കുകയാണ്. ലോകം കോവിഡിനോട് പോരാടുന്ന ഈ വേളയില്‍ ലോക് ഡൗണും മറ്റും പ്രാബല്യത്തില്‍ വന്നതോടെ പ്രകൃതിയില്‍ പ്രകടമായ മാറ്റങ്ങൾ കാണാനായി. മനുഷ്യന്‍ മാത്രമല്ല മറ്റനേകം ജീവജാലങ്ങളുടെ ഗേഹമാണ് ഭൂമി എന്ന തിരിച്ചറിവിന് ആക്കം കൂട്ടാനായിട്ടുണ്ട്. പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥാ സംരക്ഷണം ഇപ്പോൾ നമ്മുടെ ഉത്തരവാദിത്തം ആണെന്ന് ബോധ്യം ഉണ്ടായി.

"പക്ഷികള്‍ നമ്മുടെ ലോകത്തെ കൂട്ടിയിണക്കുന്നു" - എന്നതാണ്‌ ഈ വർഷത്തെ ദേശാടന പക്ഷി ദിനത്തിന്റെ പ്രമേയം. ദേശാടന പക്ഷികളുടെ നിലനിൽപ്പിന് പ്രകൃതി ചക്രങ്ങളെ പിന്തുണയ്ക്കുന്ന പരിസ്ഥിതി സംരക്ഷണം തുടർന്നു പോകേണ്ടതുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഇതിലേക്കായി സംസ്ഥാന സര്‍ക്കാരും ജൈവ വൈവിധ്യ ബോര്‍ഡും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നമുക്കും അണിചേരാം.