ഫിറ്റ് കണ്ണൂര്‍: വ്യായാമ പരിശീലനത്തിന് തുടക്കമായി

post

കണ്ണൂര്‍: വ്യായാമത്തിലൂടെ ആരോഗ്യം എന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഫിറ്റ് കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വ്യായാമ പരിശീലനം ആരംഭിച്ചു. കലക്ടറേറ്റ് മൈതാനത്ത് നടന്ന വ്യായാമ പരിപാടിയിലാണ് യോഗയും എയറോബിക്‌സും ഉള്‍പ്പെടെയുള്ളവയില്‍ പരിശീലനം നല്‍കിയത്. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്‌സി, കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. പി ഇന്ദിര, കൗണ്‍സിലര്‍ എസ് ഷഹീദ, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, ഡിടിപിസി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ ശരത്ത് കുമാര്‍ തുടങ്ങിയവരും വ്യായാമപരിപാടികളില്‍ പങ്കെടുത്തു.

മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ജിം ട്രെയിനര്‍ വി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ പങ്കാളികളായി. തുടക്കത്തില്‍ ഞായറാഴ്ചകളില്‍ നല്‍കുന്ന വ്യായാമ പരിശീലനം ക്രമേണ കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഫിറ്റ് കണ്ണൂരിന്റെ ഭാഗമായുള്ള വ്യായാമ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രാദേശിക തലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുക. വ്യായാമപരിശീലനം കൂടുതല്‍ ഫലപ്രദമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പരിപാടിക്കെത്തിയവര്‍ പങ്കുവച്ചു.