ഒല്ലൂരിൽ കൃഷി സമൃദ്ധി, സുഭിക്ഷ കേരളം പദ്ധതികൾ

post

തൃശൂര്‍: ഒല്ലൂർ നിയോജകമണ്ഡലത്തിൽ കൃഷി സമൃദ്ധി, സുഭിക്ഷ കേരളം പദ്ധതികൾ തുടങ്ങും. പദ്ധതികളുടെ ആലോചനായോഗം ഗവ. ചീഫ് വിപ്പും ഒല്ലൂർ എംഎൽഎയുമായ അഡ്വ. കെ രാജന്റെ നേതൃത്വത്തിൽ നടന്നു. ഒല്ലൂരിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമാക്കിയാണ് ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിക്ക് രൂപം നൽകുന്നത്. കോവിഡ് അനന്തരം സംസ്ഥാനത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം ഒല്ലൂർ നിയോജക മണ്ഡലത്തിലെ കാർഷിക ഉൽപന്നങ്ങളുടെ ഉല്പാദനവർദ്ധനവിനും, വിപണനത്തിനും ഉതകുന്ന ബൃഹത് പദ്ധതി നടപ്പിലാക്കുന്നതിനുള്ള രൂപരേഖയും തയ്യാറാക്കി. 
ഒല്ലൂർ നിയോജക മണ്ഡലത്തെ പരിസ്ഥിതി-തരിശ്‌രഹിത മണ്ഡലം ആക്കുന്നതിനുള്ള പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ തീരുമാനങ്ങളെടുത്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി ആർ രജിത്ത്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.