മിനി പമ്പയില്‍ ശബരിമേള തുടങ്ങി

post

മന്ത്രി ഡോ. കെ. ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം: ശബരിമല തീര്‍ഥാടന കാലത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശബരിമേള മിനി പമ്പയില്‍ ആരംഭിച്ചു. മേള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നാലിടങ്ങളിലായി നടക്കുന്ന ശബരിമേളയില്‍ ഏറ്റവും മികച്ച ഇടത്താവളം മിനി പമ്പയിലാണെന്നും മേളയില്‍ വില്‍ക്കുന്നവ മായമില്ലാത്തതും കലര്‍പ്പില്ലാത്തതുമായ മികച്ച ഉല്‍പന്നങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഭക്തമാര്‍ മാത്രമല്ല നാട്ടുകാരും മേളയില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ശബരി മേളയില്‍ ഒമ്പത് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി 15 വരെ നടക്കുന്ന മേളയില്‍ കൈത്തറി, കരകൗശല, ഭക്ഷ്യ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും, വില്‍പ്പനയും നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ മുഖവുര പ്രസംഗം പഞ്ചായത്ത് പ്രസിഡന്റ് പി. പി. അബ്ദുള്‍ നാസര്‍ നടത്തി. ആദ്യ വില്‍പ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി നടത്തി. അഡ്വ. പി. മോഹന്‍ദാസ്, ടി. വി. ശിവദാസ്, സി. പി. നസീറ, ജില്ല വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ടി. അബ്ദുള്ള വഹാബ്, ഡി.ടി.പി.സി. സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ഹംസ ഹാജി, അബ്ദുള്‍ സലീം, ടി. കെ. സുഖേഷ്, പി. ജ്യോതി, പി. സ്മിത എന്നിവര്‍ സംസാരിച്ചു.