പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ സെക്രട്ടേറിയറ്റ് വാര്‍ റൂം

post

 പ്രതിദിനമെത്തുന്നത് നാലായിരത്തിലധികം കോളുകള്‍

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയുമില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായി സെക്രട്ടേറിയറ്റിലെ വാര്‍ റൂം. പ്രതിദിനം നാലായിരത്തിലധികം കോളുകളാണ് വാര്‍ റൂമിലേക്കെത്തുന്നത്. അതത് വകുപ്പുകളുമായി ഏകോപിപ്പിച്ച്് പരിഹാരം കണ്ടും സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും കോവിഡിനെതിരെ പൊരുതാന്‍ ജനങ്ങള്‍ക്ക് കരുത്തേകുകയാണ് വാര്‍ റൂമും. കേരളത്തിനകത്തുള്ളവര്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലകപ്പെട്ടവര്‍ക്കും വിദേശത്തുള്ളവര്‍ക്കും വാര്‍ റൂം പ്രതിനിധികള്‍ പൂര്‍ണ പിന്തുണയേകുന്നു. മാനസിക പിന്തുണ ആവശ്യമുണ്ടെന്നു തോന്നുന്നവരുടെ വിവരങ്ങള്‍ ദിശയ്ക്ക് കൈമാറുന്നുണ്ട്.

അന്തര്‍ സംസ്ഥാന ചരക്കുനീക്കം, അവശ്യ വസ്തുക്കളുടെ ലഭ്യത, അതിഥി തൊഴിലാളികളുടെ ക്ഷേമം, ഇതര സംസ്ഥാനങ്ങളിലേയും വിദേശ മലയാളികളെയും ബന്ധപ്പെടല്‍ തുടങ്ങി നിരവധി പ്രവര്‍ത്തങ്ങളാണ് വാര്‍ റൂം കേന്ദ്രീകരിച്ച് നടക്കുന്നത്.  മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഓരോ ഷിഫ്റ്റിലും രണ്ട് ഐ എ എസ്് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ 25 ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ്, ന്യൂസ് മോണിറ്ററിംഗ് സംവിധാനങ്ങളും സി ഡിറ്റിന്റെ സഹായത്തോടെ കാള്‍ സെന്ററും വാര്‍ റൂമില്‍ ക്രമീകരിച്ചിട്ടുണ്ട്

പോലീസ്, അഗ്നിരക്ഷാ സേന, ഗതാഗതം, തദ്ദേശ സ്വയംഭരണം, റവന്യൂ, തൊഴില്‍, ആരോഗ്യം, ഭക്ഷ്യപൊതുവിതരണം, നോര്‍ക്ക തുടങ്ങിയ വകുപ്പുകളുടെ പ്രത്യക ഡെസ്‌കുകള്‍ വാര്‍ റൂമില്‍ ക്രമീകരിച്ചിട്ടുണ്ട്.  സഞ്ജയ് കൗള്‍, പ്രണബ് ജ്യോതിനാഥ്, കെ. ജീവന്‍ബാബു, ഹരിത വി. കുമാര്‍, ജോഷി മൃണ്‍മയി ശശാങ്ക്, കെ. ഇമ്പശേഖര്‍, പി.ഐ. ശ്രീവിദ്യ, എസ്. ചന്ദ്രശേഖര്‍ ,എസ് കാര്‍ത്തികേയന്‍, വി.ആര്‍ പ്രേം കുമാര്‍, എ. കൗശികന്‍ എന്നിവരുടെ മേല്‍ നോട്ടത്തിലാണ് വിവിധ ഷിഫ്റ്റുകളിലായി വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്. ഇവരെ സഹായിക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. 0471-2517225, 2781100, 2781101 എന്നീ നമ്പറുകളില്‍ വാര്‍ റൂമുമായി ബന്ധപ്പെടാം.