തരിശു ഭൂമി കൃഷിക്കുപയുക്തമാക്കും : മന്ത്രി എംഎം മണി

post

ഇടുക്കി : ജില്ലയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ ഭരണസ്ഥാപന പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 ല്‍  ജില്ലയ്ക്ക് ആശ്വാസമായെങ്കിലും ഇനിയും കൂടുതല്‍ ജാഗ്രത ഉണ്ടാവണമെന്നും വരാന്‍ പോകുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ രീതികളെ കുറിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റിന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ ജി.എസ് മധു എന്നിവര്‍ ക്ലാസ്സുകളെടുത്തു.

യോഗത്തിന്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യ പൗലോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സ് അസ്സോസിയേഷന്‍ പ്രസിഡണ്ട് എസ്.ടി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സുഭിക്ഷ കേരളം പദ്ധതി

സംസ്ഥാന തലത്തില്‍ ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, സഹകരണം എന്നീ മേഖലകളിലായി സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കൃഷി - 1449 കോടി രൂപ, മൃഗസംരക്ഷണം - 118 കോടി, ക്ഷീരവികസനം - 215 കോടി, മത്സ്യബന്ധനം - 2078 കോടി. ജില്ലയില്‍ 937 ഹെക്ടര്‍ കൃഷിയോഗ്യമായ തരിശുഭൂമി കണ്ടെത്തിയിട്ടുണ്ട്. നെല്ല്, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പഴ വര്‍ഗ്ഗങ്ങല്‍ ചെറുധാന്യങ്ങള്‍ എന്നിവയ്ക്ക് ഉപയുക്തമാണീഭൂമി. 30,000  മുതല്‍ 40,000 രൂപ വരെ ഹെക്ടറൊന്നിന് സബ്‌സിഡിയുണ്ട്. 3,54,86,500 രുപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇടവിള കൃഷിയും ഒപ്പം പ്രോത്സാഹിപ്പിക്കും. ഒരു ബ്ലോക്ക് പഞ്ചായത്തില്‍ കുറഞ്ഞത് 200 ഹെക്ടര്‍ കൃഷി ഇറക്കാനാണ് ലക്ഷ്യം. 10,000 ഫല വര്‍ഗ്ഗ തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈകളും, വിത്തുകളും, ഗ്രോബാഗുകളും വിതരണം ചെയ്യും. കൃഷി, കന്നുകാലി വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ എന്നിവ സംയോജിതമായി നടപ്പാക്കുന്നതിന് പ്രോത്സാഹനം നല്‍കും. നബാര്‍ഡ് കുറഞ്ഞ വായ്പയില്‍ കാര്‍ഷിക വായ്പ നല്‍കും. പഞ്ചായത്ത് ചന്തകള്‍, ഓണ്‍ലൈന്‍ വിപണനം, ഇക്കോഷോപ്പ്, വീക്കിലി മാര്‍ക്കറ്റ് എന്നിവ വിപുലീകരിക്കും.

കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, സഹകരണം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തില്‍ ജലവിഭവ വകുപ്പും കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്ക് വ്യവസായ വകുപ്പും പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കും. തരിശുനിലങ്ങളില്‍ പൂര്‍ണവമായി കൃഷിയിറക്കുക ഉല്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക്  നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തരിശുനിലങ്ങളില്‍ ശാസ്ത്രീയമായാണ് കൃഷിയിറക്കേണ്ടത്. ഏതു കൃഷിയാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായതെന്ന് പ്രാദേശിക തലത്തില്‍ തീരുമാനിക്കണം. ഉടമസ്ഥരുടെ സമ്മതത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കണം. പുരയിടങ്ങളിലും നല്ല രീതിയില്‍ കൃഷിചെയ്യാന്‍ കഴിയും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ തരിശായി കിടക്കുന്ന ഭൂമിയിലും കൃഷി നടത്താന്‍ ഉദ്ദേശിക്കുകയാണ്. പച്ചക്കറി കൃഷി നാട്ടില്‍ ഒരു സംസ്‌കാരമായി വളര്‍ന്നിട്ടുണ്ട്. അത് കൂടുതല്‍ വ്യാപിപ്പിക്കണം. മഴക്കാലം തുടങ്ങുമ്പോള്‍ ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതും പദ്ധതിയുടെ ഭാഗമാക്കണം. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. ഓരോ വീട്ടിലും മത്സ്യം വളര്‍ത്താന്‍ കഴിയും. ചെറിയ കുളങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ മത്സ്യസമ്പത്ത് വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയും.

ഉല്‍പ്പാദനം വര്‍ധിപ്പിക്കുമ്പോള്‍ വിപണി വിപുലമാക്കാനും പദ്ധതിയുണ്ട്. പ്രാദേശികമായി തന്നെ വിപണിക്ക് വിപുലമായ സംവിധാനം ഉണ്ടാക്കും. പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാനത്തിന്റെ ശൃംഖല സൃഷ്ടിക്കും. വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും പ്രധാനമാണ്. കൃഷി നടത്തുന്നത് സംബന്ധിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃഷിവകുപ്പ് നല്‍കും. അതനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഇക്കാര്യത്തില്‍ നാമെല്ലാം ഒന്നിച്ചിറങ്ങിയാല്‍ നാട് കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണഗതിയില്‍ കൃഷിഭൂമിയുടെ ഉടമസ്ഥര്‍ക്കാണ് വായ്പ അനുവദിക്കുക. എന്നാല്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്ന സന്നദ്ധ സംഘങ്ങള്‍ക്കോ  ഗ്രൂപ്പുകള്‍ക്കോ  കമ്മിറ്റികള്‍ക്കോ  പ്രാഥമിക കാള്‍ഷിക സംഘങ്ങളും സഹകരണ ബാങ്കുകളും വായ്പ അനുവദിക്കണം. പ്രാഥമിക കാള്‍ഷിക സംഘങ്ങളുടെ പ്രധാന ചുമതല കാര്‍ഷിക വായ്പ നല്‍കലാണ്. എല്ലാ കൃഷിക്കും വായ്പ നല്‍കണം. ചില പഞ്ചായത്തില്‍ ഒന്നിലേറെ ബാങ്കുകള്‍ കാണും. അങ്ങനെയാണെങ്കില്‍ ഒരു ബാങ്കിനെ ലീഡ് ബാങ്കായി കണക്കാക്കുകയും മറ്റ് ബാങ്കുകള്‍ അതിനോട് സഹകരിക്കുകയും വേണം. പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൃഷി വകുപ്പിനാണ് പദ്ധതിയുടെ പ്രധാന ചുമതല. കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ രൂപീകരിക്കണം. വിത്തുവിതരണത്തിനുള്ള ശൃംഖല സ്ഥാപിക്കണം. നടീല്‍ വസ്തുക്കള്‍, വളം, കീടനാശിനി, തീറ്റ, കോഴിക്കുഞ്ഞുങ്ങള്‍, ആട്ടിന്‍കുട്ടികള്‍, കന്നുകുട്ടികള്‍, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവയൊക്കെ ഇത്തരം കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കണം. കാര്‍ഷിക സര്‍വകലാശാലയുടെയും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെയും വെറ്റിറിനറി സര്‍വകലാശാലയുടെയും ഫിഷറീസ് സര്‍വകലാശാലയുടെയും കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെയും സേവനം പദ്ധതിയുടെ വിജയത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തണം. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍  വ്യക്തമായ പദ്ധതിയുണ്ടാകണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളേയും പങ്കാളികളാക്കണം. ജലസേചനത്തിന് ജലവിഭവ വകുപ്പു സഹകരിക്കും.

സുഭിക്ഷ കേരളം പദ്ധതി വന്‍ വിജയമാക്കുന്നതിന് തദ്ദേശസ്വയംഭരണ തലത്തിലും വാര്‍ഡ് തലത്തിലും സമിതികള്‍ രൂപീകരിക്കും. നിയോജകമണ്ഡല അടിസ്ഥാനത്തിലും സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കൃഷി വകുപ്പ് വിശദീകരിച്ചു.