അകറ്റി നിര്‍ത്തേണ്ടവരല്ല .....ചേര്‍ത്ത് നിര്‍ത്താം...കൈ പിടിച്ചുയര്‍ത്താം

post

തിരുവനന്തപുരം : അകറ്റി നിര്‍ത്തേണ്ടവരല്ല നമുക്കൊപ്പം ചേര്‍ത്ത് നിര്‍ത്തേണ്ടവരാണ് ഭിന്നശേഷിക്കാരും എന്ന തിരിച്ചറിവ് ഉണ്ടാവേണ്ടത് നമ്മളിലാണ്. ഇന്ന് ഡിസംബര്‍ മൂന്ന്, ലോക ഭിന്നശേഷി ദിനം. പൊതു ഇടങ്ങളും തൊഴിലിടങ്ങളും ഒക്കെ ഭിന്നശേഷി സൗഹൃദമാകട്ടെ. പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ഐക്യരാഷ്ട്ര സഭ ഇത്തവണ മുന്നോട്ട് വെക്കുന്ന പ്രമേയം.
ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം കേരളം നേടിയിരുന്നു. ഭിന്നശേഷി മേഖലയുടെ സമഗ്ര പുരോഗതിക്കായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നിരവധി പദ്ധതികളാണ് ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യക്ഷേമ നിതീ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്നത്. ഗര്‍ഭസ്ഥ ശിശു മുതല്‍ ശയ്യാവലംബര്‍ വരെയുള്ള മുഴുവന്‍ ഭിന്നശേഷിക്കാരേയും മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. പി.എസ്.സി.യിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. 'ശുഭയാത്ര', 'അനുയാത്ര', 'ഹസ്തദാനം' 'കാഴ്ച' തുടങ്ങി ഒട്ടനവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്.

പാത്തുവിന് ഭിന്നശേഷി സൗഹാര്‍ദ്ദ വീടൊരുങ്ങുന്നു 

ഭിന്നശേഷി സൗഹാര്‍ദത്തിന്റെ കരുത്തില്‍ വീടൊരുക്കി കേരളത്തിന് മാതൃകയാവുകയാണ് സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ തൃശൂര്‍, ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിലേഷന്‍ സെന്റര്‍. 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട എന്‍ ഐ പി എം ആറിലെ സെറിബ്രല്‍ പാള്‍സി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ  അന്നമനട കല്ലൂര്‍ സ്വദേശി പെനങ്ങോട്ടിപ്പറമ്പില്‍  ഫാത്തിമ അബ്ദുള്‍ നാസറിനാണ് ഭിന്നശേഷി സൗഹാര്‍ദ്ദമായി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. എന്‍ ഐ പി എം ആറിലെ 55 സ്റ്റാഫുകളില്‍ നിന്ന് പിരിച്ചെടുത്ത എട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് വീടിന്റെ നിര്‍മ്മാണം. സെറിബ്രല്‍ പാള്‍സി ബാധിച്ച ഫാത്തിമക്ക് സൗകര്യപ്രദമാവുന്ന രീതിയിലാണ് വീടിന്റെ രൂപകല്‍പ്പന . വീല്‍ ചെയ്തിനായി റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പര സഹായം ഇല്ലാതെ പിടിച്ചു നടക്കാനായി ബാത്ത്‌റൂം അടക്കമുള്ള സ്ഥലങ്ങളില്‍ ചുവരുകളോടൊപ്പം ഗ്രാബ് ബാറുകാര്‍ സജ്ജീകരിച്ചിരിക്കുന്നു. 430 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടു മുറികളും ഹാളും അടുക്കളയും അടങ്ങുന്ന സൗകര്യങ്ങളാണ് ഉള്ളത്. വീടിന്റെ ഡിസൈന്‍ വര്‍ക്കിലും പ്രകടമായ മാറ്റം കാണാം. പതിവില്‍ നിന്നും വ്യത്യസ്തമായി പ്രാദേശികമായി ലഭിക്കുന്ന നിര്‍മ്മാണ വസ്തുക്കള്‍ വീടിന്റെ മോടികൂട്ടാനായി ഉപയോഗിച്ചിരിക്കുന്നു. കയര്‍, വെട്ടുകല്ല് എന്നിവ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ ഈ ഭിന്നശേഷി സൗഹാര്‍ദ വീടിന്റെ മോടികൂട്ടുന്നു. എന്‍ ഐ പി എം ആറില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ആര്‍ക്കിട്ടെക്റ്റ്ര്! കെ ജി ദേവപ്രിയനാണ് കരുതല്‍ നിറഞ്ഞു നില്‍ക്കുന്ന വീട് രൂപകല്‍പ്പന ചെയ്തത്. ഫാത്തിമയും അനിയന്‍  അഫ്‌സലും അമ്മ സീനത്തും അടങ്ങുന്ന കുടുംബമാണ് പുതിയ വീട്ടില്‍ താമസിക്കാനൊരുങ്ങുന്നത്. പ്രളയത്തില്‍ വീട് നഷ്ടപെട്ടപ്പോള്‍ അനുഭവിച്ച കഷ്ടതകള്‍ക്ക് ഇപ്പോള്‍ എന്‍ ഐ പി എം ആറിലൂടെ അവസാനമായതായി സീനത്ത് പറയുന്നു. ആദ്യം സംസാരിക്കാന്‍ കഴിയാത്ത കുട്ടിയായിരുന്നു ഫാത്തിമ.  എന്‍ ഐ പി എം ആറില്‍ എത്തി ചികിത്സ ആരംഭിച്ചതോടെ സംസാരിക്കാന്‍ തുടങ്ങി. വീട് നിര്‍മ്മിക്കുന്നതിലൂടെ എന്‍ ഐ പി എം ആര്‍ പുതിയ മാതൃത സൃഷ്ടിക്കുകയാണ്.