ആവശ്യമെങ്കില്‍ ഒഴിപ്പിക്കലിന് സജ്ജമായി ജില്ല

post

ആലപ്പുഴ: ജലനിരപ്പുയരുന്ന അടിയന്തര സാഹചര്യമുണ്ടായാല്‍ ചെങ്ങന്നൂര്‍, കുട്ടനാട് ഭാഗങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക പദ്ധതി തയ്യാറായി. പത്തനംതിട്ടയില്‍ മഴ കനത്ത സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാവുന്ന നിലയുണ്ട്. ഇത് കണക്കിലെടുത്ത് അടിയന്തരമായി ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിര്‍ദ്ദേശപ്രകാരം സബ്കളക്ടര്‍ വി. ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. 
സ്ഥിതിഗതികള്‍ വിലയിരുത്തിയ യോഗത്തില്‍ ചെങ്ങന്നൂരില്‍ ജാഗ്രത പാലിക്കാന്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിന് സജ്ജമായിരിക്കാന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, എന്‍.ഡി.ആര്‍.എഫ്., ജലഗതാഗത വകുപ്പ്, റവന്യൂവകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവയ്ക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ മൂന്നുസ്ഥലങ്ങളില്‍ ത്വരിത പ്രതികരണ കേന്ദ്രങ്ങള്‍ ഒരുക്കും. 
ഒഴിപ്പിക്കല്‍ പദ്ധതിയനുസരിച്ച് ചെങ്ങന്നൂര്‍, മാന്നാര്‍, കല്ലിശ്ശേരി എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍, ഫയര്‍ ജീവനക്കാര്‍, വള്ളം, വാഹനം, ഇന്ധനം, എന്നിവയെ നിയോഗിച്ചു. ചെങ്ങന്നൂരില്‍ ടോറസ് വാഹനവും അഞ്ച് ഫിഷിങ് ബോട്ടുകളും ഫയര്‍ ജീവനക്കാരെയും ഡിങ്കിയും സജ്ജമാക്കിയിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫ്. സംഘം ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മാന്നാറില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ രണ്ട് മത്സ്യത്തൊഴിലാളി വള്ളങ്ങളും ഫയര്‍ ജീവനക്കാരെയും സജ്ജമാക്കും. കല്ലിശ്ശേരിയില്‍ രണ്ട് ഫിഷര്‍മേന്‍ ബോട്ടുകള്‍ തയ്യാറാക്കി നിര്‍ത്തും. മൂന്ന് കേന്ദ്രങ്ങളിലും.
 
അടിയന്തര സാഹചര്യം നേരിടാന്‍ കുട്ടനാട്ടിലും പ്രത്യേക പദ്ധതി
പുളിങ്കുന്ന് ബോട്ട് ജെട്ടി, കിടങ്ങറ കെ. സി. ജെട്ടി, നീരേറ്റുപുറം ജെട്ടി, നെടുമുടികൊട്ടാരം ബോട്ടുജെട്ടി, കൃഷ്ണന്‍കുട്ടി മൂല, നെഹ്‌റുട്രോഫി ഫിനിഷിങ് പോയിന്റ്, കാവാലം സ്റ്റേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ അടിയന്തിര സാഹചര്യം നേരിടാന്‍ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ രാത്രിയിലുള്‍പ്പടെ സജ്ജമാക്കി നിര്‍ത്താന്‍ യോഗം തീരുമാനിച്ചു.ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെയും ഇവിടേക്ക് നിയോഗിക്കും. 
 
ജില്ലയിലാകെ 105 ക്യാമ്പുകള്‍
ബുധനാഴ്ച രാവിലെ 11 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ ആകെ ക്യാമ്പുകളുടെ എണ്ണം 105 ആയി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ദ്ധിച്ചതോടെ അപ്പര്‍ കുട്ടനാടന്‍ മേഖല ഉള്‍പ്പെടുന്ന കാര്‍ത്തികപ്പള്ളി താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. 33 ക്യാമ്പുകളാണ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റുള്ള താലൂക്കുകളിലെ ക്യാമ്പുകളുടെ കണക്കുകള്‍: ചെങ്ങന്നൂര്‍ (32), കുട്ടനാട് (11), മാവേലിക്കര (12), ചേര്‍ത്തല (7), അമ്പലപ്പുഴ (10). ഇതോടെ 105 ക്യാമ്പുകളിലായി അന്തേവാസികളുടെ എണ്ണം 20,289 ആയി. ഇവരില്‍ 7,784 പേര്‍ പുരുഷന്‍മാരും, 8,673 പേര്‍ സ്ത്രീകളും 3,832 പേര്‍ കുട്ടികളുമാണ്.