വീട് കാത്തിരിക്കുന്നു...നന്ദിയോടെ അവര്‍ ചുരമിറങ്ങി

post

വയനാട് : എന്ന് നാട്ടില്‍ പോകാന്‍ കഴിയുമെന്ന  ആശങ്കയായിരുന്നു ദിവസങ്ങളോളം. വീട്ടിലേക്കും നാട്ടിലേക്കുമെല്ലാം വിളിക്കുമ്പോള്‍ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ. ഇതിനിടയിലാണ് നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങുന്നത്. ഇതിന്റെ സന്തോഷത്തിലാണ് ജില്ലയില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍.  യാത്രയുടെ തിരക്കുകള്‍ക്കിടയിലും സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കരുതലുകള്‍ക്ക് നന്ദി പറയാന്‍ അവര്‍ മറന്നില്ല. ' ജോലിയില്ലാതെ ഇത്രനാള്‍ കഴിഞ്ഞിട്ടും വിശപ്പ് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയേണ്ടി വന്നിട്ടില്ല. ഭക്ഷണവും സുരക്ഷയും ഒരുക്കി കേരള സര്‍ക്കാറും നിങ്ങളും ഞങ്ങള്‍ക്കൊപ്പം നിന്നു. എല്ലാത്തിനും നന്ദിയുണ്ട്, ഞങ്ങള്‍ തിരിച്ചു വരും..' രാജസ്ഥാന്‍ സ്വദേശി ദേവിലാല്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കൈയ്യടികളോടെയാണ് ആ വാക്കുകള്‍ മറ്റ് അതിഥി തൊഴിലാളികളും ഏറ്റെടുത്തത്.

      ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസത്തിലായിരുന്ന അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ജില്ലയില്‍ നിന്നും യാത്രയായി. ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ സ്വദേശികളായ 802 പേരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ജാര്‍ഖണ്ഡിലേക്ക് 492 പേരും രാജസ്ഥാനിലേക്ക് 310 പേരുമാണ് ഉളളത്.  ബുധനാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് രാജസ്ഥാനിലേക്കും രാത്രി 8 ന് ജാര്‍ഖണഡിലേക്കും പോയ പ്രത്യേക  ട്രെയിനുകളിലാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രയാക്കിയത്. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ജില്ലാ ഭരണകൂടം പ്രത്യേകം ഏര്‍പ്പെടുത്തിയ 33 കെ.എസ്.ആര്‍.ടി.സി ബസുകളിലാണ്  ഇവരെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. ഓരോരുത്തകര്‍ക്കും മൂന്ന് നേരം കഴിക്കാനുളള ചപ്പാത്തിയും കറിയും വാഴപ്പഴവും കുടിവെളളവും അടങ്ങിയ ഭക്ഷണക്കിറ്റും കുടുംബശ്രിയുടെ സഹായത്തോടെ സൗജന്യമായി ഏര്‍പ്പാടാക്കിയിരുന്നു.

  ജില്ലയില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരുടെ പട്ടിക തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ നേരത്തെ തയ്യാറാക്കിയിരുന്നു. നോഡല്‍ ഓഫീസറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ പി.എം ഷൈജുവിന്റെയും ലേബര്‍ ഓഫീസര്‍ കെ.സുരേഷിന്റെയും നേതൃത്വത്തിലാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. യാത്രയ്ക്ക് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആരോഗ്യപരിശോധന നടത്തി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ, എ.ഡി.എം തങ്കച്ചന്‍ ആന്റണി,മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു, ഡെപ്യൂട്ടി കളക്ടര്‍ ഇ.മുഹമ്മദ് യൂസഫ്, സീനിയര്‍ സൂപ്രണ്ട് ഇ.സുരേഷ് ബാബു, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ്, എന്നിവര്‍ സംഘത്തെ യാത്രയാക്കാന്‍ എത്തിയിരുന്നു. അതിഥി തൊഴിലാളികളുടെ സേവനങ്ങള്‍ സ്മരിച്ചു കൊണ്ട് എഴുതിയ സ്വന്തം കവിത എ.എസ്.പി പദം സിംഗ് യാത്രയയപ്പ് വേളയില്‍ ആലപിച്ചു.