മഴ മുന്നില്‍ക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്തും -മുഖ്യമന്ത്രി

post

തിരുവനന്തപുരം :  ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നില്‍ക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലവര്‍ഷം സാധാരണ നിലയിലായാല്‍ തന്നെ, ആഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് 19 മഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നില്‍കണ്ട് കാലവര്‍ഷക്കെടുതി നേരിടാന്‍ പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്.

ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ബാത്ത്‌റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനുള്ള കെട്ടിടങ്ങള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വെല്ലുവിളി. ഇതിനുവേണ്ടി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാന്‍ നാം തയ്യാറെടുക്കണം.

കോവിഡ് 19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ല. നാലുതരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കാണുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് വേറെ, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഇങ്ങനെ നാലു വിഭാഗങ്ങള്‍.

ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതഗതികള്‍ വിലയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുമ്പ് നീക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍ക്കണം. അണക്കെട്ടുകളിലെ സ്ഥിതിയും തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉള്‍പ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ല.

സര്‍ക്കാരിന്റെ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളില്‍ പരിശീലനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു