എം.എസ്.എം.ഇ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജ് -മുഖ്യമന്ത്രി

post

തിരുവനന്തപുരം:  സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പ്രത്യേക പാക്കേജായ വ്യവസായ 'ഭദ്രത'യ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുക. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് വ്യവസായവകുപ്പ് വഴി ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുന്ന സാഹചര്യത്തില്‍ നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കേണ്ടതുണ്ട്. ഇവിടുത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുകയും വേണം. പാക്കേജ് പ്രകാരം, നിലവില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്ന അധിക വായ്പയ്ക്ക് മാര്‍ജിന്‍ മണി സഹായവും പലിശ ഇളവും അനുവദിക്കും. കെഎസ്‌ഐഡിസിയും കിന്‍ഫ്രയും വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കും. സംരംഭങ്ങള്‍ക്ക് വായ്പ പലിശ തിരിച്ചടവിന് ആറുമാസത്തേക്ക് സമയം നീട്ടിനല്‍കും. വ്യവസായവകുപ്പിന് കീഴിലെ സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറികളില്‍ മൂന്നുമാസം വാടക ഒഴിവാക്കും.

വ്യവസായ പാര്‍ക്കുകളിലെ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് സംരംഭകരില്‍നിന്ന് ഈടാക്കുന്ന വാടക മൂന്നുമാസത്തേക്ക് ഒഴിവാക്കും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മൂലധനത്തിന് പ്രത്യേക വായ്പ അനുവദിക്കും. എംഎസ്എംഇകളില്‍പ്പെട്ട ഉല്‍പാദന വ്യവസായങ്ങള്‍ക്ക് പലിശസബ്‌സിഡി അനുവദിക്കും. വൈവിധ്യവല്‍ക്കരണത്തിനും വികസനത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശക്ക് ആറുമാസത്തേക്ക് ആറുശതമാനം കിഴിവുനല്‍കും.

കെഎസ്‌ഐഡിസിയുടെ വായ്പ ലഭിച്ചിട്ടുള്ള വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനും ആസ്തി സൃഷ്ടിക്കുന്നതിനും പ്രത്യേക വായ്പ അനുവദിക്കും. കെഎസ്‌ഐഡിസിയുടെ എല്ലാ ഓപ്പറേറ്റിങ് യൂണിറ്റുകള്‍ക്കും ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പലിശയും മുതലും തിരിച്ചടക്കുന്നതിന് മൂന്നുമാസത്തെ മൊറോട്ടോറിയം അനുവദിക്കും. മൊറോട്ടോറിയത്തിനുശേഷം പിഴപ്പലിശയില്ലാതെ വായ്പ തിരിച്ചടക്കാം. കെഎസ്‌ഐഡിസിയില്‍നിന്ന് വായ്പയെടുത്ത സംരംഭകരുടെ പിഴപ്പലിശ ആറുമാസത്തേക്ക് പൂര്‍ണമായി ഒഴിവാക്കും.

എംഎസ്എംഇകള്‍ക്ക് കെഎസ്‌ഐഡിസി 50 ലക്ഷത്തിനു മുകളിലുള്ള വായ്പ അനുവദിക്കും. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് ഒരുകോടി രൂപയ്ക്കു മുകളിലുള്ള വായ്പ മാത്രമേ അനുവദിക്കുന്നുള്ളു. കെഎസ്‌ഐഡിസിയുടെയും കിന്‍ഫ്രയുടെയും വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം എടുക്കുന്ന സംരംഭകരുടെ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കും. മുന്‍കൂര്‍ അടയ്‌ക്കേണ്ട പാട്ടപ്രീമിയം കുറയ്ക്കും. സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും യുവസംരംഭകര്‍ക്കും പ്രത്യേക പരിഗണന നല്‍കി സംരംഭക സഹായപദ്ധതി നടപ്പാക്കും. ഇവര്‍ക്ക് 25 ശതമാനം മാര്‍ജിന്‍ മണി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറുകിട വ്യവസായ സംരംഭകരെ സംബന്ധിച്ചടത്തോളം ലോക്ക്ഡൗണ്‍ വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രണ്ട് ആവശ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ അവര്‍ ഉന്നയിച്ചിട്ടുള്ളത്.

ഒന്ന്, നിലവിലുള്ള വായ്പയ്ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം നല്‍കുക, പലിശ ഈ കാലയളവില്‍ ഒഴിവാക്കുക. രണ്ട്, പുതിയ വായ്പ അനുവദിക്കുക. കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേന്ദ്ര പാക്കേജില്‍ രണ്ടാമത്തെ കാര്യം മാത്രമേ പരിഗണിച്ചിട്ടുള്ളൂ. അതുതന്നെ ബാങ്കുകള്‍ കനിഞ്ഞാല്‍ മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളൂ. എന്നാല്‍, മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ നിന്ന് പണം നല്‍കേണ്ടി വരുമായിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജില്‍ കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ നിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരണം.

ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ വിസമ്മതിക്കുന്ന പ്രശ്‌നം ഈ ദുരിതകാലത്തു പോലും വന്നിട്ടുണ്ട്. പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ബാങ്കുകള്‍ ആര്‍ബിഐയില്‍ പണമടച്ച് പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി രൂപ ഇപ്രകാരം നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കുകളെയും വ്യവസായങ്ങളെയും മറ്റും ഒരുമിച്ചിരുത്തി ഇക്കാര്യത്തില്‍ സാമ്പത്തിക മേഖലയ്ക്കാകെ പ്രയോജനപ്പെടുന്ന ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കും.

വൈദ്യുതിയുടെ ഫിക്‌സ്ഡ് ചാര്‍ജ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുകയാണ്. എഴുതിത്തള്ളുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണം. ഇതോടൊപ്പം ചെറുകിട മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കേണ്ടതുണ്ട്. പിഎഫ് അടയ്ക്കുന്നതിനുവേണ്ടിയുള്ള കേന്ദ്രസഹായം ലഭിക്കണമെങ്കില്‍ 15,000 രൂപയില്‍ താഴെയായിരിക്കണം ശമ്പളമെന്ന നിബന്ധന നീക്കം ചെയ്യാന്‍ തയ്യാറാകണം.

വൈദ്യുതി കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ള 90,000 കോടി രൂപയുടെ സഹായത്തിന്റെ ഗ്യാരണ്ടി സംസ്ഥാനങ്ങളാണ് വഹിക്കേണ്ടി വരിക. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുവരെ ഒരു ധനസഹായവും പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല. ഈ സമീപനം ഇനിയുള്ള ദിവസങ്ങളില്‍ തിരുത്തുമെന്നാണ് കേരള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി ആശയവിനിമയം നടത്തി ആരോഗ്യ-സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് വ്യക്തമായ പദ്ധതിയൊരുക്കണം. വരുമാനം തീരെയില്ലാത്തതും ചെലവ് ഇരട്ടിച്ചതുമായി ഈ ഘട്ടത്തില്‍ ഇത് അത്യാവശ്യമാണ്.

കഴിഞ്ഞ മാര്‍ച്ച് 19-ഏപ്രില്‍ 19 മാസവുമായി താരതമ്യം ചെയ്താല്‍ ഇത്തവണ സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തില്‍ 6451 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു