കോവിഡ് 19 : ജില്ലയില്‍ 6269 പേര്‍ നിരീക്ഷണത്തില്‍

post

പാലക്കാട് : കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവില്‍ 6263 പേര്‍ വീടുകളിലും 28 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്ന് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും രണ്ട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 6269 പേര്‍ നിരീക്ഷണത്തിലുണ്ട്.

പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും രണ്ട് കടമ്പഴിപ്പുറം സ്വദേശികളും ഒരു മുതലമട സ്വദേശി, ഒരു മലപ്പുറം സ്വദേശി ഉള്‍പ്പെടെ ഏഴ് പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച  ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനക്കായി ഇതുവരെ അയച്ച 3851 സാമ്പിളുകളില്‍ ഫലം വന്ന 3394 നെഗറ്റീവും 19 എണ്ണം പോസിറ്റീവുമാണ്. ആകെ 38349 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32053 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 6932 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.