കോവിഡ് 19: കേരളത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ 1,25,657 കോടി രൂപയുടെ നഷ്ടമെന്ന് പഠനം
തിരുവനന്തപുരം : കോവിഡ് 19നെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താന്‍ ചുമതലപ്പെടുത്തിയ സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റേയും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്റ് ടാക്സേഷന്റേയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഗിഫ്റ്റിന്റെ റിപ്പോര്‍ട്ടിലെ അനുമാനപ്രകാരം ആഭ്യന്തര വരുമാനത്തില്‍ ശരാശരി 1,25,657 കോടി രൂപയുടെ നഷ്ടം വരുമെന്നും ബജറ്റ് എസ്റ്റിമേറ്റിലെ 1,14,636ല്‍ നിന്നും നമ്മുടെ റവന്യൂ വരുമാനം 81,180 കോടി രൂപയായി കുറയുമെന്നും കണക്കാക്കിയിട്ടുണ്ട്. റവന്യൂ വരുമാന നഷ്ടം 35,455 കോടി രൂപയാണ്. സാമൂഹ്യക്ഷേമ ചെലവുകള്‍ അടക്കമുള്ള ചെലവുകള്‍ അതേപടി തുടരുകയും ചെയ്താല്‍ റവന്യൂ കമ്മിയും ധനകമ്മിയും വര്‍ധിക്കും.
സര്‍ക്കാരിന്റെ ചെലവുകളില്‍ സാധ്യമായ ക്രമീകരണങ്ങള്‍ വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു ദ്രുത പഠനം നടത്തി ജൂണ്‍ ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമ്പത്തിക വിദഗ്ദ്ധനും സിഡിഎസ് ഡയറക്ടറുമായ ഡോ. സുനില്‍ മാണി അധ്യക്ഷനും ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറുമായ സമിതി രൂപീകരിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പൊതുവായി വരുമാനനഷ്ടം ഉണ്ടായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വിഹിതത്തിലും കുറവുണ്ടാകും. ഇത് കാരണമുണ്ടാകുന്ന ധന ഞെരുക്കം മറികടക്കാനാണ് സംസ്ഥാനത്തിന്റെ വായ്പാപരിധി ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അവരുടെ വായ്പാ പരിധി 5.5 ശതമാനമായി ഈയിടെ ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ മൂന്നു ശതമാനമായി തുടരുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്-19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിഗദ്ധ സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു സര്‍വേ നടത്തുകയാണ്. സര്‍വെയ്ക്കുള്ള ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉല്‍പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ചോദ്യാവലി. കോവിഡ്-19ഉം ലോക്ക്ഡൗണുംമൂലം വിവിധ മേഖലകളില്‍ എന്തെല്ലാം ആഘാതങ്ങള്‍ ഉണ്ടായി എന്നത് സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികാഘാതം മറികടക്കാന്‍ ആവശ്യമായ സമയത്തെക്കുറിച്ചും മാര്‍ഗങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഈ സര്‍വേയില്‍ ഉള്‍പ്പെടുന്നില്ല. സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതുകാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക.
മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്‌കുമാര്‍ സിങ് (കണ്‍വീനര്‍), സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍ രാമകുമാര്‍ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍. ഒരു മാസത്തിനുള്ളില്‍ ഇടക്കാല പഠന റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അധിക തുക അനുവദിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇത് പുതിയൊരു സഹായമല്ല. ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്രത്തിന്റെ വിഹിതമായി അനുവദിക്കുന്ന തുകയാണ്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടിരുന്നില്ലെങ്കിലും ലഭിക്കേണ്ട തുകയാണത്. കേരളത്തിന് 314 കോടി രൂപയാണ് 15-ാം ധനകാര്യ കമ്മീഷന്‍ കേന്ദ്ര വിഹിതമായി നിശ്ചയിച്ചത്. ഇപ്പോള്‍ കിട്ടിയത് അതിന്റെ പകുതിയായ 157 കോടി രൂപയാണ്.
കോവിഡ് 19ന്റെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം ഗ്രാന്റുകള്‍ അനുവദിക്കണമെന്നും ഇത് 15-ാം ധനകാര്യ കമ്മീഷന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനുള്ള അധിക പരിഗണനാ വിഷയമായി നിശ്ചയിക്കണമെന്നും പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടിരുന്നു. ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തെ കോവിഡ് 19 പ്രതിരോധിക്കാനുള്ള സഹായമായി ചിത്രീകരിക്കുന്നത് ഉചിതമല്ല.
ദുരന്ത പ്രതികരണ നിധിയില്‍ നിന്നും കേരളം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചെലവുകള്‍ നിര്‍വഹിക്കുന്നുണ്ട്. 17 കോടി രൂപ ജില്ലാ കളക്ടര്‍മാര്‍ക്ക് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. 15 കോടി രൂപ ആരോഗ്യവകുപ്പിന് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നല്‍കി. ഇങ്ങനെ ആകെ 32 കോടി രൂപ നല്‍കി.
മാനദണ്ഡമനുസരിച്ച് സംസ്ഥാനത്തിനുള്ള വിഹിതത്തിന്റെ 25 ശതമാനം മാത്രമേ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാനാവൂ. 10 ശതമാനം ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കാം. കേരളം ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ ബജറ്ററി തുകയാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി