കാര്‍ഷിക സര്‍വ്വകലാശാലയുടെ തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

post

തൃശൂര്‍ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വ്വകലാശാല ആവിഷ്‌കരിക്കുന്ന പ്രത്യേക തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ കൃഷി മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. കോവിഡ് 19 അടച്ചിടല്‍ മൂലം കേരളത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയില്‍ ഉണ്ടായ വിടവ് നികത്തുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ആയി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സുഭിക്ഷ കേരളം 'പദ്ധതിക്ക് പിന്തുണ നല്‍കുന്നതിനാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല സമഗ്ര തീവ്രയത്ന പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്.

കോവിഡ് കാലത്തെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ കാര്‍ഷിക സര്‍വകലാശാല അതിന്റെ സര്‍വശക്തിയുമുപയോഗിച്ചു രംഗത്ത് വരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലോക് ഡൌണ്‍ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെട്ടിട്ടുണ്ട്.ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം എന്നും മന്ത്രി പറഞ്ഞു.

നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച് വിത്തുല്പാദനത്തിനുള്ള സമഗ്ര പരിപാടി നടത്തും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവിക്കും മടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് പിഎസ് വിനയനും കാര്‍ഷിക സര്‍വകലാശാലയുടെ പ്രകൃതിസൗഹൃദ പച്ചക്കറി കൂട്ടായ 'ഏക'പാക്കറ്റുകള്‍ നല്‍കിയാണ് മന്ത്രി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ആര്‍ ചന്ദ്രബാബു പരിപാടി വിശദീകരിച്ചു. തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ എസ് ഉമാദേവി, മടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് വിനയന്‍, സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ ജിജു പി അലക്സ്, ഗവേഷണവിഭാഗം മേധാവി ഡോ മധു സുബ്രഹ്മണ്യന്‍, കര്‍ഷക പ്രതിനിധികള്‍ രജിസ്ട്രാര്‍ ഡോക്ടര്‍ ഡി ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.