ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം

post

തിരുവനന്തപുരം : കോവിഡ്-19 ബാധയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതീവ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ വര്‍ഷവും മേയ് 16ന് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിച്ച് വരികയാണ്. 'ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പല സ്ഥലങ്ങളിലും മഴ പെയ്യുന്നതിനാല്‍ ഇപ്പോള്‍ തന്നെ ശ്രദ്ധിക്കണം. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമാര്‍ഗം. അതിനാല്‍ തന്നെ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ ശുദ്ധ ജലത്തിലാണ് മുട്ടയിടുന്നത് കെട്ടി നില്‍ക്കുന്ന തീരെ ചെറിയ അളവിലുളള വെള്ളത്തില്‍പ്പോലും കൊതുകള്‍ മുട്ടയിട്ടു വളരാനിടയുണ്ട്. അതിനാല്‍ വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലോക്ക് ഡൗണ്‍ കാലയളവില്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടക്കുന്ന ഓഫീസുകള്‍, വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ചന്തകള്‍, ആക്രികടകള്‍, ഫാക്ടറികള്‍, മറ്റു തൊഴിലിടങ്ങള്‍ തുടങ്ങിയവയില്‍ കൊതുകുകള്‍ ധാരാളമായി മുട്ടയിട്ട് പെരുകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഇത്തരം കേന്ദ്രങ്ങള്‍ വളരെ നാളുകള്‍ക്ക് ശേഷം തുറക്കുമ്പോള്‍ കൊതുക് മനുഷ്യരെ കടിക്കുന്നതിനും ഡെങ്കിപ്പനി പോലുളള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനും ഉളള സാധ്യത ഏറെയാണ്. അതിനാല്‍ കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും കൊതുകു നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തിയും വേണം പ്രവര്‍ത്തനം തുടങ്ങാന്‍.

കൂടാതെ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുളള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ചു കുത്താടികളെ നശിപ്പിക്കണം. മാര്‍ക്കറ്റ്, പാര്‍ക്കുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ശുചീകരണം നടത്തിയതിനു ശേഷം മാത്രമേ പൊതുജനങ്ങളെ പ്രവേശിപ്പിക്കാവൂ.

കോവിഡ് 19 പ്രതിരോധത്തിനായി വിവിധ സ്ഥാപനങ്ങളുടേയും കടകളുടെയും മുന്നില്‍ കൈകള്‍ കഴുകാനായി സംഭരിച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റി ബക്കറ്റ്, സംഭരണി കഴുകി വൃത്തിയാക്കണം. വീട്ടു മുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. റബ്ബര്‍ മരങ്ങളില്‍ വച്ചിട്ടുളള ചിരട്ടകളിലും കവുങ്ങിന്‍ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാളകളിലും മരപ്പൊത്തുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ഇവ മുട്ടയിടാം. അതിനാല്‍ തോട്ടങ്ങളില്‍ കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കുക.

വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. ജല ദൗര്‍ലഭ്യമുളള പ്രദേശങ്ങളില്‍ ജലം സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കുക.