വരകളില്‍ കോവിഡ് പ്രതിരോധ സന്ദേശവുമായി കാര്‍ട്ടൂണ്‍ മതില്‍

post

കോട്ടയം: അക്ഷര നഗരീ മറക്കരുത് മൂന്നക്ഷരം... എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ബോര്‍ഡിലേക്ക് കൈചൂണ്ടുന്ന അധ്യാപിക. അവിടെ തെളിഞ്ഞു നില്‍ക്കുന്നത് എസ്.എം.എസ്(സോപ്പ്, മാസ്ക്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അഥവാ സാമൂഹിക അകലം) എന്നീ അക്ഷരങ്ങള്‍. തൊട്ടപ്പുറത്ത് കൊറോണയോട് നയം വ്യക്തമാക്കുന്ന മോഹന്‍ലാല്‍- കൈ കഴുകുന്ന സോപ്പും വായ മൂടുന്ന മാസ്കും..അടുക്കാനാവില്ല നിനക്ക്. അകലമാണ് പുതിയ അടുപ്പം എന്ന് വ്യക്തമാക്കി അകലത്തില്‍നിന്ന് പ്രണയിനിക്ക് സാനിറ്റൈസര്‍ നീട്ടുന്ന കാമുകനും നല്‍കുന്നത് ജാഗ്രതയുടെ സന്ദേശമാണ്.

കോവിഡ്-19നെതിരെ കേരളം പടുത്തുയര്‍ത്തിയ പ്രതിരോധ മുന്നേറ്റത്തിന്റെ കാഴ്ച്ചകളാണ് കോട്ടയത്തെ കാര്‍ട്ടൂണ്‍ മതിലില്‍ നിറഞ്ഞു നില്‍ക്കുന്നത്. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിന്റെ  മുന്നണിയിലുള്ള ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരുമൊക്കെ വരകളില്‍ ഇടംപിടിച്ചു.

കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് ഡാവിഞ്ചി, സുഭാഷ് കല്ലൂര്‍, രതീഷ് രവി, ഇ.വി. പീറ്റര്‍, പ്രസന്നന്‍ ആനിക്കാട്, വി.ആര്‍. സത്യദേവ്, അനില്‍ വേഗ, അബ്ബ വാഴൂര്‍, ഷാജി സീതത്തോട് എന്നിവരാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ മതിലില്‍ കാര്‍ട്ടൂണുകള്‍ വരച്ചത്.

കൊറോണ പ്രതിരോധനത്തിനായുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തിയത്. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്ത് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ ഡോ. ഭാഗ്യശ്രീ തുടങ്ങിയവര്‍ സന്നിഹിതരായി.

സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍മാരായ നൗഫല്‍, ട്രീസ ജോസഫ്, എസ്. സംഗീത, ഗീതുരാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.