ക്വാറന്റൈന്‍: ഹോട്ടൽ പട്ടികയും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറായി

post

തിരുവനന്തപുരം: വീട്ടില്‍ നിന്നും അകന്ന് സ്വന്തം ചെലവില്‍ ക്വാറന്റൈനിൽ കഴിയാന്‍ സന്നദ്ധരായിട്ടുളളവര്‍ക്ക് താമസിക്കാനുള്ള ഹോട്ടലുകളുടെ പട്ടികയും, പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. ഹോം ക്വാറന്റൈനിൽ കഴിയേണ്ടവരില്‍, വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ താല്പര്യം ഉള്ളവർക്കായി ടൂറിസം വകുപ്പിന്റെ കീഴില്‍ ആണ് ഹോട്ടൽ സൗകര്യം ഒരുക്കിയിട്ടുളളത്. 

ഓരോ ജില്ലയിലും ഒന്‍പത് മുതൽ 25 വരെ ഹോട്ടലുകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുളളത്. ലഭ്യമായ ഹോട്ടൽ മുറികളുടെ എണ്ണം, ചെലവ് എന്നിവയുടെ വ്യക്തമായ പട്ടിക നോര്‍ക്കാ റൂട്ട്സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തു നിന്നോ മടങ്ങിയെത്തുന്നവര്‍ക്ക് പട്ടികയില്‍ കൊടുത്തിട്ടുള്ള, അവരവരുടെ ജില്ലകളിൽ ഉള്‍പ്പെടുന്ന, ഏതെങ്കിലും ഹോട്ടല്‍ തിരഞ്ഞെടുക്കാം. ശേഷം ഹോട്ടലുകളില്‍ നേരിട്ട് വിളിച്ച് റൂം ബുക്ക് ചെയ്യാവുന്നതാണ്. റൂം ബുക്ക് ചെയതതിന് തെളിവായി വൗച്ചറും കൈവശം സൂക്ഷിക്കണം. 

നാട്ടില്‍ തിരിച്ചെത്തുന്ന മുറയ്ക്ക് ഇവരെ അധികൃതര്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് കൊണ്ടുപോകും. അവിടെ നിന്നും വൗച്ചര്‍ കൈവശം ഉള്ളവര്‍ക്ക് സ്വന്തം ചിലവില്‍ ഹോട്ടലുകളിലെക്ക് പോകാം. ഇവർ അവിടെ എത്തുന്നത് ഉറപ്പ് വരുത്താൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വീടുകളില്‍ ക്വാറന്റൈനിൽ കഴിയുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 

കൂടുതൽ അറിയാം:

https://norkaroots.org/documents/20126/50692294/Paid+quarantine+facility+for+returnees15052020.pdf/061f40df-292b-9f95-28bc-eb65cb123c61