മിഷന്‍ ഗ്രീന്‍ ശബരിമല: ചെങ്ങന്നൂരില്‍ പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു

post

പത്തനംതിട്ട  : ശബരിമലയില്‍ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി 'പ്ലാസ്റ്റിക് ഉപേക്ഷിക്കൂ ശബരിമലയെ സംരക്ഷിക്കൂ' എന്ന സന്ദേശവുമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍  ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്  ആരംഭിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്ലാസ്റ്റിക് കവറിനു പകരം തുണിസഞ്ചി നല്‍കി സജി ചെറിയാന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ അയ്യപ്പഭക്തര്‍ക്ക് തങ്ങളുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നല്‍കി പകരം തുണിസഞ്ചി സൗജന്യമായി വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. ചെങ്ങന്നൂര്‍ നഗരസഭയുടെ സഹകരണത്തോടെയാണ് തുണിസഞ്ചി കൗണ്ടര്‍ ആരംഭിച്ചത്. ഇതോടൊപ്പംതന്നെ പുണ്യനദിയായ പമ്പയില്‍ തുണി നിക്ഷേപിക്കുന്നതിനെതിരേയും പമ്പയിലും സന്നിധാനത്തും പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള സന്ദേശങ്ങള്‍ അഞ്ച് ഭാഷകളില്‍ ആലേഖനം ചെയ്ത പോക്കറ്റ് കാര്‍ഡുകളും നല്‍കുന്നുണ്ട്.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്ത സീസണിലെ ആചാരപരിപാടികളും കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്ടറിലേക്കാവശ്യമായ തുണിസഞ്ചികള്‍, പോക്കറ്റ് കാര്‍ഡ് എന്നിവ നല്‍കുന്നതും കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതും പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ്.  ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ഷിബുരാജന്‍, പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ടി.രാജന്‍, ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെറിന്‍ ജെയിംസ് വര്‍ഗീസ്, ആലപ്പുഴ ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അഖില്‍ പ്രകാശന്‍ പങ്കെടുത്തു.