ശബരിമേളയില്‍ ലഭിക്കുന്നത് മികച്ച ഉല്‍പ്പന്നങ്ങള്‍: മന്ത്രി എം.എം മണി

post

പത്തനംതിട്ട : വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമല തീര്‍ഥാടനത്തിന് വരുന്നവര്‍ക്ക്  ആകര്‍ഷകമായും മിതമായ നിരക്കിലും ഗുണനിലവാരമുള്ള സാധനങ്ങള്‍ ശബരിമേളയില്‍ നിന്ന് വാങ്ങാന്‍ കഴിയുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. പന്തളത്ത് ശാസ്താ ക്ഷേത്രത്തിന് സമീപം ശബരിമല തീര്‍ഥാടകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പ് ആരംഭിച്ച വ്യവസായ പ്രദര്‍ശന വിപണനമേളയായശബരിമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നിരവധി ഉല്‍പന്നങ്ങളുടെ മികച്ച പ്രചാരണം നേടുകയെന്ന ഉദ്ദേശം ശബരിമേളയ്ക്കുണ്ട്.  കൂടുതല്‍ സ്റ്റാളുകള്‍ കൊണ്ടുവരണം. അടുത്ത തീര്‍ഥാടന കാലത്തേക്ക് സ്റ്റാളുകള്‍ വിപുലമാക്കണമെന്നും മന്ത്രി പറഞ്ഞു.  മേള ഫലപ്രദമാണെന്നു  വ്യവസായ വാണിജ്യ വകുപ്പിനെ അഭിനന്ദിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു. മിതമായ നിരക്കില്‍ മായം കലര്‍ത്താത്ത മികച്ച ഉല്‍പനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും 45 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന വിപണനമേള കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മണ്ഡലമകര വിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 15 വരെയാണ്  വ്യവസായ പ്രദര്‍ശന വിപണന മേള നടക്കുന്നത്. 
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദ്യവില്‍പന കെ.എസ്.എസ്.ഐ ജില്ലാ പ്രസിഡന്റ് മോര്‍ലി ജോസഫിന് നല്‍കി നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, പന്തളം നഗരസഭ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.ആര്‍ സതി, പന്തളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ രവി, പത്തനംതിട്ട കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് മോര്‍ലി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ജി മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.  കൈത്തറി, തേന്‍, ചെറുകിട വ്യവസായ ഉത്പന്നങ്ങള്‍ തുടങ്ങിയവ ശബരിമേളയില്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല ഇടത്താവളങ്ങളില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടേയും പരമ്പരാഗത ഉല്‍പ്പന്നങ്ങളുടേയും ആകര്‍ഷകമായ വിപണന മേളയാണ് നടന്നുവരുന്നത്. പന്തളം കൂടാതെ തിരുവനന്തപുരം ആറ്റുകാല്‍ ദേവിക്ഷേത്രം, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, മലപ്പുറത്തെ കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് ആദ്യഘട്ട മേള നടക്കുന്നത്.