വരട്ടാര്‍ ഒഴുകി തുടങ്ങുമ്പോള്‍ പുരയിട കൃഷിക്കുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണം

post

പത്തനംതിട്ട : വരട്ടാര്‍ ഒഴുകി തുടങ്ങുമ്പോള്‍ പുരയിട കൃഷിക്കുള്ള സാധ്യതകളെയും പ്രയോജനപെടുത്തണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വരാട്ടര്‍ആദിപമ്പ പുനരുജ്ജീവനത്തോടനുബന്ധിച്ചുള്ള മൂന്ന് പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി പറഞ്ഞു. വരട്ടാര്‍ ഉണരുമ്പോള്‍ ടൂറിസം സാധ്യതകളും ഉയരും.  മാന്നാര്‍ മുതല്‍ ആറന്മുള വരെയുള്ള ടൂറിസം പദ്ധതി വരട്ടാറിനെ കേന്ദ്രീകരിച്ചാണുളളത്. രണ്ടാംഘട്ട വരട്ടാര്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതോടൊപ്പം സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പാക്കുകയും വരട്ടാര്‍ കടന്നു പോകുന്ന എല്ലാ പഞ്ചായത്തുകളിലും ജൈവ വൈവിധ്യ ബോര്‍ഡിന്റെ രജിസ്റ്റര്‍ ഉണ്ടാകണമെന്നും അതുവഴി ജൈവ വൈവിധ്യ പാര്‍ക്ക് ഉണ്ടാകുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ മാത്യു ടി തോമസ,് വീണാ ജോര്‍ജ്, ഹരിത കേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി.എന്‍ സീമ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഗോപാല്‍, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ കെ. ഷിബുരാജന്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ആനി മേരി ചെറിയാന്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ്, വരട്ടാര്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.ആര്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒരു ജനതയുടെ സാമൂഹികസാംസ്‌കാരിക ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ച നദിയായിരുന്ന വരട്ടാറിനെ അനധികൃത കൈയേറ്റം കരയാക്കി മാറ്റുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഉള്‍പ്പെടുന്ന ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളായ ഇരവിപേരൂര്‍, കോയിപ്രം, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ എന്നിവടങ്ങളിലുടെ ഒഴുകിയിരുന്ന നദിയുടെ ശോചനാവസ്ഥയെ ഇല്ലാതാക്കിയത് ജനകീയകൂട്ടായ്മയാണ്. ജനകീയമായി സമാഹരിച്ച 28 ലക്ഷം രൂപ ആദ്യ ഘട്ട പ്രവര്‍ത്തനത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. രണ്ടാംഘട്ടത്തില്‍ നദി കടന്നുപോകുന്ന നാല് ഇടങ്ങളില്‍ പാലം നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക.