പാലോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന് പ്രവര്‍ത്തന മികവിനുള്ള ദേശീയ ബഹുമതി

post

തിരുവനന്തപുരം: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എ.ആര്‍) ഈ വര്‍ഷത്തെ മൂന്നാമത്തെ മികച്ച കൊളാബറേറ്റിംഗ് സെന്ററിനുള്ള ബഹുമതി പാലോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിന് ലഭിച്ചു.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഓള്‍ ഇന്ത്യ കോ- ഓര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രോജക്ട് ഓണ്‍ അനിമല്‍ ഡിസീസ് മോണിറ്ററിംഗ് ആന്റ് സര്‍വ്വയിലന്‍സ് (എ.ഡി.എം.എ.എസ്) എന്ന പ്രോജക്ടിന്റെ കേരളത്തിലെ കൊളാബറേറ്റിംഗ് സെന്ററായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ്, സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല റഫറല്‍ ലബോറട്ടറിയാണ് . ദേശീയതലത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മറ്റ് 28 കൊളാബറേറ്റിംഗ് സെന്ററുകളെ പിന്നിലാക്കിയാണ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഈ നേട്ടം കൈവരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ മേഖലയിലെ രോഗ നിര്‍ണ്ണയം, രോഗ നിരീക്ഷണം, ജന്തുരോഗങ്ങളുടെയും ജന്തുജന്യരോഗങ്ങളുടെയും പൊട്ടിപ്പുറപ്പെടല്‍ സംബന്ധിച്ച അന്വേഷണം, എപിഡെമിയോളജിക്കല്‍ പഠനം എന്നീ മേഖലകളിലെ പ്രവര്‍ത്തന മികവ് വിലയിരുത്തുകയും ദേശീയതലത്തിലുള്ള 31 കൊളാബറേറ്റിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ട് രാജ്യത്തെ ജന്തുരോഗങ്ങളുടെയും ജന്തുജന്യരോഗങ്ങളുടെയും രോഗനിര്‍ണ്ണയ- നിരീക്ഷണ- നിയന്ത്രണ നടപടികള്‍ക്ക് നേതൃത്വം നല്‍കിവരുന്നത് ബെങ്കളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വെറ്ററിനറി എപിഡെമിയോളജി ആന്റ് ഡിസീസ് ഇന്‍ഫോര്‍മാറ്റിക്‌സ് ആണ്.

 കേരളത്തില്‍ ഈ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായി പ്രവര്‍ത്തിക്കുന്ന ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. സ്വപ്‌നാ സൂസന്‍ എബ്രഹാം ബെങ്കളൂരുവില്‍ വച്ച് 2019 ഡിസംബര്‍ 1 ന് നടന്ന 27-ാമത് വാര്‍ഷിക അവലോകനയോഗത്തില്‍ എ.സി.എ.ആര്‍. അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (അനിമല്‍ ഹെല്‍ത്ത്) ഡോ. അശോക് കുമാറില്‍ നിന്നും ബഹുമതി ഏറ്റുവാങ്ങി.