എം.ജി. പരീക്ഷകൾ 26 മുതൽ; എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങൾ

post

വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതാം

മെയ് 21 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം 

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല മേയ് 26 മുതൽ പുനരാരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിദ്യാർഥികൾക്ക് അവർ നിലവിൽ താമസിക്കുന്ന ജില്ലയിൽത്തന്നെ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവകലാശാലയുടെ പരിധിയിലുള്ള അഞ്ച് ജില്ലകൾക്ക് പുറമെ മറ്റ് ജില്ലകളിൽ പത്ത് പരീക്ഷകേന്ദ്രങ്ങൾ തുറക്കും. അതത് ജില്ലയിൽ താമസിക്കുന്നവർക്ക് ഇത്തരം കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. അതത് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാനാന്‍ ആഗ്രഹിക്കുന്നവർക്ക് മേയ് 21ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ സർവകലാശാല വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

കേരളത്തിലേക്ക് എത്താനാവാതെ ലക്ഷദ്വീപിൽ കഴിയുന്ന വിദ്യാർഥികൾക്കായി അവിടെയും പരീക്ഷാ കേന്ദ്രം തുറക്കും. ആറാം സെമസ്റ്റർ യു.ജി. പരീക്ഷകൾ മെയ് 26, 27, 28, 29 തീയതികളിലാണ് നടക്കുക. ജൂൺ 2, 3, 4 തീയതികളിലായി പ്രാക്ടിക്കൽ പരീക്ഷകളും പൂർത്തിയാക്കും. ആരോഗ്യ വകുപ്പിന്റയും  സർക്കാരിന്റെയും നിർദേശങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തിപ്പ്. സാമൂഹിക അകലമടക്കം പാലിച്ച് പരീക്ഷ നടത്തിപ്പ് സുഗമമാക്കാൻ പരീക്ഷ കേന്ദ്രങ്ങൾക്കും കോളജുകൾക്കും നിർദ്ദേശം നൽകും.