കയര്‍ പിരി പുനര്‍ജ്ജനിച്ചപ്പോള്‍ ഇഴപിരിയാതെ ഗതകാല സ്മരണകളും

post

ആലപ്പുഴ: ഒരുകാലത്ത് തണ്ണീര്‍മുക്കത്തും അഞ്ചുതെങ്ങിലും ആറാട്ടുപുഴയിലും വീടുകളോട് ചേര്‍ന്ന് മനുഷ്യ ജീവിതങ്ങള്‍ ഇഴപിരിച്ചെടുത്ത റാട്ടിന്റെ ശബ്ദം നഗരത്തിലെ കയര്‍ഫെഡ് അങ്കണത്തില്‍  വീണ്ടും പുനര്‍ജ്ജനിച്ചപ്പോള്‍ പുതുതലമുറയ്ക്ക് അത്ഭുതം. ഇരുകൈകളും കൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണനൂല്‍ ഇഴചേര്‍ത്ത് കയറാക്കി മാറ്റിയപ്പോള്‍ ആറാട്ടുപുഴയില്‍ നിന്ന് വന്ന ശിവദമ്മയ്ക്കും പ്രമദയ്ക്കും സോമനും മുഖത്ത് അഭിമാനം. കയര്‍ കേരള 2019ന്റെ ഭാഗമായി ആലപ്പുഴ കളക്‌ട്രേറ്റിന് സമീപമുള്ള കയര്‍ഫെഡ് അങ്കണത്തില്‍ ആരംഭിച്ച കയര്‍പിരി പ്രദര്‍ശനമാണ് ഏവര്‍ക്കും ആവേശം പകര്‍ന്നത്. കേരളത്തില്‍ ലഭ്യമായ വിവിധയിനം കയറുകളുടെ പ്രദര്‍ശനമാണ് എട്ടാം തീയതി വരെ ഇവിടെ നടക്കുക. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ കയര്‍പിരി മത്സരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന അദ്ദേഹം തൊഴിലാളികളുടെ കരവിരുതിനൊപ്പം റാട്ട് കറക്കിക്കൊടുക്കുകയും ചെയ്തു. വെള്ളത്തില്‍ ഇട്ട് പരുവപ്പെടുത്തിയ തൊണ്ട് കൈ ഉപയോഗിച്ച് തല്ലുന്നതും തത്സമയം കാണുന്നതിനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രശസ്തമായ ആറാട്ടുപുഴ കയറാണ് ആദ്യമായി പിരിച്ചെടുത്തത്. 23 ഇനം കയര്‍ ഇനങ്ങളുടെ പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 11 ഇനം കയര്‍ ഇനങ്ങളാണ് ഇവിടെ നേരിട്ട് പിരിച്ച് കാണിക്കുക. അഞ്ചുതെങ്ങ് കയര്‍, വൈക്കം കയര്‍, വെട്ടൂര്‍ കയര്‍, കൊയിലാണ്ടി ബേപ്പൂര്‍ കയര്‍, ആറാട്ടുപുഴ കയര്‍ എന്നിവയെ വിശദമായി ഇവിടെ പരിചയപ്പെടാം. 

നവീന സാങ്കേതിക വിദ്യകള്‍ കയര്‍ മേഖല ഉപയോഗപ്പെടുത്തണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കയര്‍ പുനസംഘടനാ പദ്ധതി ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കയര്‍ വിലസ്ഥിരതയും കയര്‍ തൊഴിലാളികളുടെ മിനിമം കൂലി വര്‍ധനയും കയര്‍ മേഖലയ്ക്ക് ഏറെ സഹായകമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ.എന്‍. സായ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം വി.എസ്. മണി, സജികുമാര്‍, സാബു, അജിത്ത്കുമാര്‍, ദേവന്‍, പ്രേമന്‍ എന്നിവര്‍ സന്നിഹിതരായി.