എസ്.എസ്.എൽ.സി/ഹയർസെക്കൻഡറി: അവശേഷിക്കുന്ന പരീക്ഷകൾ മുൻനിശ്ചയപ്രകാരം

post

തിരുവനന്തപുരം: അവശേഷിക്കുന്ന എസ്എസ്എൽസി/ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കൻററി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം മെയ് 26 മുതൽ 30 വരെ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പരീക്ഷാ ടൈംടേബിൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭ്യമാകാൻ വൈകിയതുമൂലം ചില തടസ്സങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കേന്ദ്ര അനുമതിയായി. പരീക്ഷകൾ നിശ്ചയിച്ചിരുന്നതുപോലെതന്നെ നടത്തും. ആവശ്യമായ മുൻകരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാനുള്ള സൗകര്യം ഉണ്ടാക്കും. ഇക്കാര്യത്തിൽ വിദ്യാർത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ല. പ്രത്യേകമായ എന്തെങ്കിലും പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തിയാൽ അവയും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. 

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുകയാണെങ്കില്‍ അവര്‍ക്ക് പിന്നീട് വരുന്ന സേ പരീക്ഷ എഴുതുവാന്‍ സാധിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഈ കുട്ടികള്‍ക്ക് മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സാധ്യമാകുന്ന രീതിയില്‍ പരീക്ഷ ക്രമീകരിക്കുന്നതാണ്.