കാലവര്‍ഷം: മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം

post

*മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

തിരുവനന്തപുരം : മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന റിലീഫ് കമ്മീഷണറും റവന്യൂ-ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ: വി. വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കാലവര്‍ഷത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ സംബന്ധിച്ചാണ് വിവിധ സേനാ വിഭാഗങ്ങളുടെയും വകുപ്പുകളുടെയും അവലോകനയോഗം ചേര്‍ന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതിയുടെയും റവന്യു, ആരോഗ്യ ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളുടെയും സന്നദ്ധ സേനാംഗങ്ങളുടെയും സേനകളുടെയും സഹകരണത്തോടെയാകും മഴക്കെടുതികള്‍ നേരിടുക.

കാലവര്‍ഷം സാധാരണനിലയില്‍ ലഭിക്കുമെന്നാണ് കാലവസ്ഥാ പ്രവചനം. മഴക്കെടുതികള്‍ കുറയ്ക്കാനുള്ള മുന്‍കരുതല്‍ കൈക്കൊള്ളണമെന്നും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനതല  അടിയന്തരഘട്ട കാര്യനിര്‍ഹണ കേന്ദ്രം ജൂണ്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കോവിഡ്-19 സാഹചര്യം കൂടി കണക്കിലെടുത്താണ് തദ്ദേശ, റവന്യൂ, ആരോഗ്യ വകുപ്പുകള്‍ പ്രദേശികതലത്തില്‍ പ്രവര്‍ത്തിക്കുക. മുന്‍വര്‍ഷങ്ങളിലെ മഴക്കെടുതികളില്‍നിന്നും ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും വിശദമായ ദുരന്ത നിവാരണ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇതിനനുസൃതമായി ലഭ്യമായ വിശദ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതല ദുരന്ത പ്രതികരണ പ്ലാന്‍ ഉള്‍ക്കൊള്ളുന്ന ഓറഞ്ച് ബുക്കില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതു ഉള്‍ക്കൊണ്ടുള്ള മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങളാണ് വകുപ്പുകള്‍ നടത്തേണ്ടത്.  

ഇത്തരം ദുരന്ത നിവാരണ പദ്ധതികളിലൂടെ ഓരോ പ്രാദേശിക സര്‍ക്കാരിനും പ്രശ്‌നസാധ്യതാ മേഖലകളും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള വ്യക്തികളെയും അടയാളപ്പെടുത്താനും ആവശ്യമുള്ളപ്പോള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഇപ്പോള്‍ സൗകര്യമുണ്ട്. ദുരന്ത പ്രതികരണ സേനകളും ഇപ്പോള്‍ നിലവിലുണ്ട്.

ഇത്തവണത്തെ ഏറ്റവും ശ്രദ്ധിക്കേണ്ടത് കോവിഡ് സാഹചര്യത്തില്‍ ക്യാമ്പുകള്‍ ഒരുക്കുകയെന്നതാണ്. ഇതിനായി ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പിന്റെ കൂടി നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രായമേറിയവര്‍ക്കും രോഗലക്ഷണങ്ങളുള്ളവര്‍ക്കും പ്രത്യേക വിഭാഗങ്ങളും കെട്ടിടങ്ങളും ഒരുക്കേണ്ടിവരും. ഇത്തരം സൗകര്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങളും റവന്യൂ വിഭാഗവും പ്രാദേശികമായി കണ്ടെത്തേണ്ടിവരും.

സന്നദ്ധസേനയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിച്ച് മൂന്നു ലക്ഷത്തിലധികം സന്നദ്ധ സേനാംഗങ്ങളെ ഒരുക്കാനായതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഇവര്‍ക്ക് വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. അഗ്‌നിരക്ഷാസേനയുടെ സിവില്‍ ഡിഫന്‍സ് സേനയും ദുരന്തപ്രതികരണത്തിന് തുണയാകും. ഓരോ ഫയര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടും സേനയെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയില്‍ ദുരന്ത പ്രതികരണത്തിന് പ്രത്യേക കിറ്റുകളുമായി 'ആപ്താ മിത്ര' സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രാദേശികമായി ഒഴിപ്പിക്കല്‍ മാര്‍ഗരേഖ, മാപ്പുകള്‍ എന്നിവ വകുപ്പുകള്‍ ഏകോപിപ്പിച്ച് തയാറാക്കി വിവരങ്ങള്‍ പരസ്പരം ലഭ്യമാക്കണം.

വിവിധ സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി 150 ലേറെ ഹെലി ലാന്‍ഡിംഗ് സൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ എല്ലാ ശേഷിയും ഉപയോഗിച്ചുള്ള സഹകരണത്തിന് തയാറാണെന്ന് വിവിധ സേനാ വിഭാഗങ്ങള്‍ യോഗത്തില്‍ ഉറപ്പുനല്‍കി.

യോഗത്തില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ: കെ. സന്തോഷ്, കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി. സുധീര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ: ശേഖര്‍ എല്‍. കുര്യാക്കോസ്, ലാന്റ് റവന്യൂ കമ്മീഷണര്‍ സി.എ. ലത, വിവിധ കേന്ദ്ര സേനാ വിഭാഗങ്ങളുടെ പ്രതിനിധികള്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു