കോവിഡ് 19: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ൯ പോലീസ് സ്റ്റേഷനുകൾ സന്ദര്‍ശിക്കും

post

തിരുവനന്തപുരം:കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ വിദഗ്ദ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. ഐ.എം.എ ഭാരവാഹികളായ ഡോ.എബ്രഹാം വര്‍ഗ്ഗീസ്, ഡോ.പി.ഗോപികുമാര്‍, ഡോ.ജോണ്‍ പണിക്കര്‍ എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. പോലീസുകാര്‍ ഉപയോഗിക്കുന്ന മഴക്കോട്ട് പി.പി.ഇ കിറ്റായി മാറ്റാനുളള സാധ്യതയും അവര്‍ പോലീസ് മേധാവിയുമായി പങ്കുവച്ചു. 

ഐ.എം.എയിലെ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ പോലീസ് സ്റ്റേഷനുകളും ബറ്റാലിയനുകളും നേരിട്ട് സന്ദര്‍ശിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൈമാറും.  കോവിഡിനെക്കുറിച്ച് പോലീസുദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ അവസരം ഉപയോഗിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരള പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കും. 

വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവരുടെ അയല്‍വാസികളെ വൈറസ് വ്യാപനത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിന് ജനമൈത്രി പോലീസ് നടപടി സ്വീകരിക്കും. സമൂഹത്തിലെ മറ്റുളളവര്‍ക്ക് സുരക്ഷ നല്‍കാന്‍ വേണ്ടിയാണ് രോഗലക്ഷണങ്ങള്‍ ഉളളവരെയും സംസ്ഥാനത്തിന് വെളിയില്‍ നിന്നു വന്നവരെയും വീട്ടുനിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതെന്ന് അവരോട് വ്യക്തമാക്കും. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരെയും പറഞ്ഞ് മനസിലാക്കും.  വാര്‍ഡുതല സമിതികളില്‍ അംഗമായ പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.