ജില്ലയില്‍ മൂന്നു കോവിഡ് പോസിറ്റീവു കേസുകള്‍ കൂടി

post

കൊല്ലം  : ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മെയ് 19 ന് എത്തിയ മുംബൈ നരിമാന്‍ പോയിന്റ്-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനിലെ യാത്രികന്‍ 58 കാരനായ തൃക്കടവൂര്‍ സ്വദേശിയാണ്(ജ31). തിരുവനന്തപുരത്തു നിന്നും ഇദ്ദേഹത്തെ സ്പെഷ്യല്‍ കെ എസ് ആര്‍ ടി സി ബസില്‍ കൊല്ലത്ത് എത്തിച്ചത് മുതല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റെയിനില്‍ ആയിരുന്നു.

രണ്ടാമത്തെയാള്‍ പുനലൂര്‍ സ്വദേശിനിയാണ്(ജ32). ഗര്‍ഭിണിയയ ഇവര്‍ റിയാദ്-കോഴിക്കോട് ഫ്ളൈറ്റിലാണ് എത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ രണ്ടു പേരുടെയും സാമ്പിള്‍ എടുക്കുകയായിരുന്നു. പോസിറ്റീവായി സ്ഥിരീകരിച്ചതിനാല്‍ ഇരുവരേയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മൂന്നാമത്തെ ആള്‍ തിരുവനന്തപുരം മടവൂര്‍ സ്വദേശിയാണ്(58 വയസ്). ഇദ്ദേഹത്തിന്റെ സാമ്പിള്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം കൊല്ലം ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. നിലവില്‍ തിരുവനന്തപുരത്ത് ചികിത്സയിലാണ്.

ഇതോടെ നിലവില്‍ 13 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 20 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും  അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന് മാസ്‌കും സാനിറ്റൈസറും  ശീലമാക്കണമെന്നും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകണമെന്നും സാമൂഹിക വ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും  കലക്ടര്‍ അറിയിച്ചു.