പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് , എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം

post

കാസര്‍കോട്: പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2021 ലെ നീറ്റ്, എഞ്ചിനീയറിങ് പ്രവേശന  പരീക്ഷയ്ക്ക് മുമ്പായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്  നല്‍കുന്ന ഒരു വര്‍ഷത്തെ പരിശീലനത്തിന് അപേക്ഷിക്കാം. 2020 വര്‍ഷത്തെ പ്ലസ്ടുവിന് സയന്‍സ്, കണക്ക് വിഷയമെടുത്ത് പഠിച്ച വിദ്യാര്‍ഥികളില്‍ കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ചവരും 2020ലെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയവരുമായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. 2020ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് പരിശീലനത്തില്‍ പങ്കെടുത്തവരും 25 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. രണ്ടില്‍ കൂടുതല്‍ പ്രവേശന പരീക്ഷ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് അവസരം ലഭിക്കില്ല. വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍ വിലാസം, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, 2019ലെ പ്രവേശന പരീക്ഷയുടെ സ്‌കോര്‍ ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ്, വിദ്യാര്‍ത്ഥികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനുള്ള രക്ഷിതാക്കളുടെ സമ്മതപത്രം എന്നിവ ഉള്‍പ്പെടെ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ സെപ്റ്റംബര്‍ 30നകം ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍  വഹിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പനത്തടി, കാസര്‍കോട്, നീലേശ്വരം, എന്‍മകജെ   ഓഫീസുകളില്‍ നിന്ന് ലഭിക്കും.