' ജീവനം' സഞ്ചരിക്കുന്ന കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് യാത്ര തുടങ്ങി

post

ആലപ്പുുഴ: സ്ത്രീകളിലെ ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനും തുടര്‍ ചികിത്സ ഉറപ്പുുവരുത്തുന്നതിനുമായി ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച രണ്ടു 'ജീവനം സഞ്ചരിക്കുന്ന കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ' യൂണിറ്റുുകളുടെ ഫ്‌ലാഗ് ഓഫ് ജില്ലപഞ്ചായത്തിന് മുന്നില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജി.വേണുഗോപാല്‍ നിര്‍വഹിച്ചു. രണ്ടുമൊബൈല്‍ യൂണിറ്റുുകള്‍ ദിവസവും രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തി സ്ത്രീകള്‍ക്ക് ക്യാന്‍സര്‍പരിശോധനയും ചികിത്സയും ഒരുക്കും. ഓരോ മൊബൈല്‍ യൂണിറ്റിലും ഒരു ഗൈനക്കോളജിസ്റ്റുും റേഡിയോ തെറാപ്പിസ്റ്റുും പത്തോളജിസ്റ്റുും സൈറ്റോ ടെക്‌നീഷ്യനും ഉണ്ടാകും. ജില്ല പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി ജില്ല മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുക. അതത് ദിവസം മൊബൈല്‍ യൂണിറ്റ് ചെല്ലുുന്ന ആശുപത്രികളിലെ ഫീല്‍ഡ് സ്റ്റാഫിന് ഇതുസംബന്ധിച്ച വിവരം നല്‍കും. തുടര്‍ന്ന് സ്ത്രീകള്‍ക്ക് ഇവിടെ ക്യാന്‍സര്‍ പരിശോധന നടത്താം. ബ്രസ്റ്റ് ക്യാന്‍സര്‍ , സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയുടെ പരിശോധനയ്ക്കുുള്ള സൗകര്യം മൊബൈല്‍ യൂണിറ്റില്‍ ഉണ്ടാകും. കൂടുതല്‍ പരിശോധന ആവശ്യമായവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ സൗകര്യം ഒരുക്കും. ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കെ.റ്റി.മാത്യു, വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍.ദേവദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.പാര്‍വതി പ്രസാദ്, മാസ് മീഡിയ ഓഫീസര്‍ ടി.എസ്.സുജ എന്നിവര്‍ പ്രസംഗിച്ചു. വ്യാഴാഴ്ച്ച എടത്വ, പുറക്കാട് പി.എച്ച്.സികള്‍ മൊബൈല്‍ യൂണിറ്റ് സഞ്ചരിച്ച് പരിശോധന നടത്തി. 

ഡിസംബര്‍ മാസത്തെ മറ്റ് ക്യാമ്പുകള്‍: ഏഴിന് അമ്പലപ്പുഴ നോര്‍ത്ത് പി.എച്ച്.സി, ഭരണിക്കവ് പി.എച്ച്.സി, ഒമ്പതിന് മാരാരിക്കുളം നോര്‍ത്ത്  പി.എച്ച്.സി, ആല പി.എച്ച്.സി, 12 ന് മുട്ടാര്‍ പി.എച്ച്.സി, ചെട്ടികുളങ്ങര പി.എച്ച്.സി, 16ന് അരൂക്കുറ്റി സി.എച്ച്.സി, ചെറിയനാട് പി.എച്ച്.സി, 19ന് മണ്ണഞ്ചേരി പി.എച്ച്.സി, ചെന്നിത്തല പി.എച്ച്.സി, 21 ന് ചമ്പക്കുളം സി.എച്ച്.സി, ചിങ്ങോലി പി.എച്ച്.സി, 28ന് ചേര്‍ത്തല സൗത്ത് പി.എച്ച്.സി , ആറാട്ടുപുഴ പി.എച്ച്.സി, 30 ന് എഴുപുന്ന പി.എച്ച്.സി, ബുധനൂര്‍ പി.എച്ച്.സി.