ട്രെയിനില്‍ തിരുവല്ലയിലേക്ക് എത്തുന്നവരെ സ്വീകരിക്കല്‍; റെയില്‍വേ സ്റ്റേഷനില്‍ മോക്ഡ്രില്‍ നടത്തി

post

പത്തനംതിട്ട: ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായായി തിരുവല്ല റയില്‍വേ സ്റ്റേഷനില്‍ മോക്ഡ്രില്‍ നടത്തി. റവന്യു, പോലീസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി എന്നിവ സഹകരിച്ചാണു മോക്ഡ്രില്‍ സംഘടിപ്പിച്ചത്. 

പത്തനംതിട്ട ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ ട്രെയിനില്‍ നാട്ടിലേക്കു മടങ്ങിയെത്തുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തുകടക്കാന്‍ ഒരു വഴി മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ ആറു താലൂക്കുകള്‍ക്കും ഓരോ കൗണ്ടര്‍ വീതവും മറ്റ് ജില്ലകളിലേക്കുള്ളവര്‍ക്കായി പൊതുവായ ഒരു കൗണ്ടറുമാണ് സ്ഥാപിച്ചിരിക്കുന്നത്. 

സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് ആദ്യം പൊതുവായ അറിയിപ്പ് മൈക്കിലൂടെ നല്‍കും. യാത്രക്കാര്‍ പൊതുവായ അറിയിപ്പ് കേട്ട ശേഷം സാമൂഹിക അകലം പാലിച്ച് വരിവരിയായി നില്‍ക്കണം. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണു ട്രെയിന്‍ നിര്‍ത്തുക. ട്രെയിനില്‍ നിന്നിറങ്ങുന്ന ആളുകളെ പ്ലാറ്റ്‌ഫോമില്‍ ആര്‍പിഎഫിന്റെയും വാളന്റീയേഴ്‌സിന്റെയും സഹായത്തോടെ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒന്നാമത്തെ പ്ലാറ്റ് ഫോമിലേക്കെത്തിക്കുക. ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ എത്തിയാല്‍ ആദ്യം ഇവരുടെ സാധന സാമഗ്രികള്‍ നഗരസഭയും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അണുവിമുക്തമാക്കും. തുടര്‍ന്ന് മൂന്നു തെര്‍മ്മല്‍ സ്‌കാനിംഗ് ടീമുകള്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും.  സ്‌കാനിംഗില്‍  രോഗലക്ഷണമുണ്ടെന്നു കണ്ടെത്തിയാല്‍ അവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. ഇവരെ നേരിട്ട് കോവിഡ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ചെയ്യും. രോഗലക്ഷണമില്ലാത്തവരെ റയില്‍വേ സ്റ്റേഷനില്‍ തയ്യാറാക്കുന്ന പാസഞ്ചര്‍ ലോഞ്ചിലേക്കു മാറ്റും. പാസഞ്ചര്‍ ലോഞ്ചില്‍ സെല്‍ഫ് റിപ്പോര്‍ട്ടിംഗ് ഫോം പൂരിപ്പിച്ചു നല്‍കണം. ശേഷം ആറ് താലൂക്കുകള്‍ക്കായും അന്യജില്ലകള്‍ക്കുമായി തയ്യാറാക്കിയ കൗണ്ടറുകളില്‍ എത്തണം. കൗണ്ടറുകളില്‍ ഡോക്ടര്‍മാരുടെ പരിശോധന നടത്തിയ ശേഷം ഡേറ്റാ എന്‍ട്രി സ്റ്റേഷനില്‍ എത്തി ഡേറ്റ കൈമാറണം. 

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷം താലൂക്ക്തലത്തില്‍ തയ്യാറാക്കിയ ബസുകളിലോ സ്വന്തം വാഹനങ്ങളിലോ ക്വാറൈന്റീന്‍ കേന്ദ്രത്തില്‍ പോകണം. വീടുകളില്‍ പോകാന്‍ അനുമതിയുള്ളവര്‍ക്ക് സ്വന്തം വാഹനത്തില്‍ വീട്ടിലേക്കു പോകാം. അഞ്ചു മിനിറ്റിനുള്ളില്‍ ഒരാള്‍ക്ക് സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, എല്‍.എ ഡെപ്യുട്ടി കളക്ടര്‍ എസ്.എച്ച് സജികുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എം.എസ് സാബു, തിരുവല്ല തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ്, ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി, തിരുവല്ല നഗരസഭ സെക്രട്ടറി വി.സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.