ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍;ഒരുക്കങ്ങള്‍ വിലയിരുത്തി

post

കോഴിക്കോട് : ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി ആരംഭിക്കും. കേരള തീരക്കടലില്‍ കരയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍  (22 കി. മീ വരെ) ദൂരത്തേക്കാണ് നിരോധനം. 52 ദിവസത്തിന് ശേഷം ജൂലൈ 31 ന് നിരോധനം അവസാനിക്കുന്നതു വരെമത്സ്യബന്ധന ബോട്ടുകള്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ല. എന്നാല്‍ മറ്റു വിഭാഗത്തില്‍പ്പെട്ട യാനങ്ങള്‍ക്ക് ട്രോളിംഗ് ഒഴികെയുള്ള മത്സ്യബന്ധന രീതി അനുവര്‍ത്തിക്കാം.

ജില്ലയില്‍ 1,222 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളും 4,601 ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങളും 200 എഞ്ചിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങളുമടക്കം 6,103 യാനങ്ങളാണ് ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. കൂടാതെ ഇതരജില്ലകളില്‍ നിന്നുള്ള 600 ഓളം ബോട്ടുകള്‍ ജില്ലയിലെ തീരക്കടലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതരസംസ്ഥാന ബോട്ടുകള്‍ മെയ് 31ന് മുമ്പേ കേരള തീരം വിട്ടുപോകേണ്ടതാണ്. ജൂണ്‍ 9ന് ശേഷം യാതൊരു കാരണവശാലും ഇവ കടലില്‍ ഇറക്കാന്‍ അനുവദിക്കില്ല.
എല്ലാ യാനങ്ങളിലും രജിസ്‌ട്രേഷന്‍ നമ്പര്‍  ഉണ്ടായിരിക്കണം. രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗും നടത്തരുത്. നിയമ വിരുദ്ധമായ എല്ലാ രീതികളും നിയമാനുസൃതം നിര്‍വചിച്ചിട്ടില്ലാത്ത മത്സ്യബന്ധനരീതികളും കര്‍ശനമായി നിരോധിച്ചിരിക്കുന്നതിനാല്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനമുണ്ടാകാതിരിക്കാനും നിരോധനം കര്‍ശനമായി നടപ്പാക്കാനും ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും തീരദേശ പൊലിസ്, മറൈന്‍ എന്‍ഫോഴ്‌മെന്റ് പരിശോധനകള്‍ ഉറപ്പാക്കും.
ട്രോളിംഗ് നിരോധനകാലത്ത് കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാര്‍ഡ് നിര്‍ബന്ധമായും കരുതണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടാതെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍കിറ്റ് എന്നിവ വള്ളങ്ങളില്‍ കരുതണം. പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍  മത്സ്യബന്ധനത്തിന് പോകരുത്. നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്‌പ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറിലെ അനുബന്ധതൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ്  നടപടി സ്വീകരിക്കും. 
നിരോധന കാലത്ത് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കേന്ദ്രങ്ങളില്‍ 13 റസ്‌ക്യു ഗാര്‍ഡുമാരെ നിയമിക്കും. കടല്‍ പട്രോളിംഗിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം ബേപ്പൂര്‍ ഫിഷറീസ് സ്‌റ്റേഷനില്‍ ആരംഭിച്ചു. ട്രോളിംഗ് കാലത്ത് പട്രോളിംഗിനും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും  ഉപയോഗിക്കാന്‍ മൂന്ന് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും വാടകക്കെടുത്തിട്ടുണ്ട്. ബോട്ടുകള്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നീ ബേസുകളും ഫൈബര്‍വള്ളം ചോമ്പാല്‍ ബേസ് കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍റൂം നമ്പര്‍; 0495 2414074, 9496007038.
മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്  റോഷ്‌നി നാരായണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി കെ സുധീര്‍കിഷന്‍, അസി. ഡയറക്ടര്‍ ആര്‍ ജുഗ്‌നു, ഫണ്ട് ബോര്‍ഡ് റീജിണല്‍ എക്‌സ്‌ക്യുട്ടീവ് കെ അജിത, തുറമുഖ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ്, പൊലിസ്, കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.