ജില്ലയില്‍ വിതരണം ചെയ്തത് 7,19,271 സൗജന്യ ഭക്ഷ്യക്കിറ്റുകള്‍

post

പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്കായി അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം പൂര്‍ത്തിയായി. ജില്ലയില്‍ 7,19,271 കാര്‍ഡുടമകള്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ കൈപ്പറ്റിയതായി ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ കെ. അജിത് കുമാര്‍ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലുമായി ആകെ 7, 40,272 കാര്‍ഡുടമകളാണ് ജില്ലയിലുള്ളത്.

വെളിച്ചെണ്ണ, റവ, ചെറുപയര്‍, കടല, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സണ്‍ഫഌര്‍ ഓയില്‍, ഉഴുന്ന്, തൂവരപ്പരിപ്പ്, ആട്ട, തേയില, ഉലുവ, പഞ്ചസാര, കടുക്, അലക്കു സോപ്പ് എന്നീ 17 ഇനങ്ങളടങ്ങിയ കിറ്റ് ഏപ്രില്‍ ഒമ്പത് മുതലാണ് വിതരണം ആരംഭിച്ചത്. അന്ത്യോദയ അന്നയോജന (മഞ്ഞകാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട ആദിവാസി മേഖലയിലാണ് സൗജന്യ കിറ്റുകള്‍ ആദ്യം വിതരണം ചെയ്തത്. 48, 382 അന്ത്യോദയ കാര്‍ഡുടമകളില്‍ 47,569 പേര്‍ സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകള്‍ ഏറ്റുവാങ്ങി.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുടമകളുള്ള മുന്‍ഗണന വിഭാഗക്കാരില്‍ (പിങ്ക് കാര്‍ഡ്) 3,05,830 പേര്‍ കിറ്റുകള്‍ കൈപ്പറ്റി. ആകെ 3,09,315 പിങ്ക് കാര്‍ഡുടമകളാണുള്ളത്. 1,87,906 മുന്‍ഗണനേതര (സബ്‌സിഡി) വിഭാഗക്കാരില്‍ (നീല കാര്‍ഡ്) 1,80,982 കാര്‍ഡുടമകളും കിറ്റുകള്‍ വാങ്ങി. 2,02,199 മുന്‍ഗണനേതര (നോണ്‍സബ്‌സിഡി) വിഭാഗക്കാരില്‍ (വെള്ള കാര്‍ഡ്) 1,84,890 പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. മെയ് 21 നകം കിറ്റ് വിതരണം പൂര്‍ത്തീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പലയിടങ്ങളിലും മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് മെയ് 26 വരെ നീട്ടി നല്‍കുകയായിരുന്നു.

ഏത് റേഷന്‍ കടയില്‍ നിന്നും പോര്‍ട്ടബിലിറ്റി ഉപയോഗിച്ച് മറ്റു റേഷന്‍ വിഹിതം പോലെ കിറ്റുകളും വാങ്ങാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ജില്ലയിലും നടപ്പാക്കിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമായത്. ഓരോ താലൂക്കിലും എത്ര റേഷന്‍ കാര്‍ഡുടമകള്‍ ഉണ്ടെന്ന റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ റിപ്പോര്‍ട്ടിന് ആനുപാതികമായാണ് കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചിരുന്നത്.