ദുരന്തമേഖലകളില്‍ സഹായമെത്തിക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘം

post

തിരുവനന്തപുരം: ദുരന്തമേഖലകളില്‍ വളരെവേഗത്തില്‍ സഹായം എത്തിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന സിവില്‍ ഡിഫന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ദുരന്തങ്ങള്‍ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകളെ ഓരോ പ്രദേശത്തും സന്നദ്ധമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഒളിമ്പ്യ ചേംബറില്‍ വച്ച് നടന്ന പരിപാടിയില്‍ സിവില്‍ ഡിഫന്‍സ് വെബ്‌സൈറ്റിന്റെ (http://www.cds.fire.kerala.gov.in) ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

പൊതുജനങ്ങളില്‍ സേവനസന്നദ്ധരായവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതാണ് സിവില്‍ ഡിഫന്‍സ് പദ്ധതി. കഴിഞ്ഞ രണ്ട് പ്രളയ കാലത്തും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായ സാഹചര്യത്തിലാണ് ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി ടീം രൂപീകരിക്കാന്‍ തീരുമാനിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഫയര്‍ഫോഴ്‌സിന്റെ രക്ഷാ പവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനവും വിവിധ രക്ഷാഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രളയ സമയത്ത് ഫയര്‍ഫോഴ്‌സ് നടത്തിയ അതിസാഹസിക രക്ഷാപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ അപകടങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രദര്‍ശനത്തിലുണ്ട്. 

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അതുവഴി ദുരന്ത ആഘാതം കുറക്കുന്നതിനുമുള്ള പരിശീലനം ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പ് നല്‍കും. കേരളത്തിലെ ഓരോ അഗ്‌നിരക്ഷാ നിലയങ്ങളുടെ കീഴിലും 50 പേര്‍ വീതം പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശീലനം നേടി പ്രവര്‍ത്തിക്കും. നിലവിലുള്ള 124 ഫയര്‍ സ്റ്റേഷനുകളുടെ കീഴില്‍ 6,200 പരിശീലനം നേടിയ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സേവനമാണ് ആദ്യ ഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. 

18 വയസ് പൂര്‍ത്തിയായ ആര്‍ക്കും സിവില്‍ ഡിഫന്‍സ് അംഗമാകാന്‍ അപേക്ഷിക്കാം. കുറഞ്ഞത് നാലാം ക്ലാസ് വിദ്യാഭ്യാസമുണ്ടായിരിക്കണം. ആദിവാസി, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ദുരന്ത സാദ്ധ്യതകള്‍ക്കനുസരിച്ച് ആവശ്യമായ മുന്നറിയിപ്പുകള്‍ പൊതുജനങ്ങളിലെത്തിക്കുക, അപകടങ്ങളുണ്ടായാല്‍ അവയുടെ തരവും വ്യാപ്തിയും മനസ്സിലാക്കി രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ സമയബന്ധിതമായി കൈമാറുക, അഗ്‌നിബാധയിലും വലിയ അപകടങ്ങളിലും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുന്നതുവരെ അഗ്‌നിവ്യാപനം തടയുന്നതിനും അപകട തീവ്രത വര്‍ദ്ധിക്കാതിരിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനം, പെട്രോള്‍/എല്‍പിജി/രാസവസ്തു ചോര്‍ച്ച അപകടങ്ങളുടെ സാഹചര്യങ്ങളില്‍ ആവശ്യമായ മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കി അവരെ ജാഗരൂഗരാക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തരവും ശരിയായ രീതിയിലുമുള്ള സഹായമെത്തിക്കുക, ദുരന്തമേഖലകളില്‍ നിന്ന് ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും സഹായിക്കുക, ദുരന്തമേഖലകളില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുക, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക, സമൂഹത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തുക എന്നിവയാണ് സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ പ്രധാന ചുമതല. 

വാഹനാപകടങ്ങള്‍ പോലെയുള്ള ദുരന്തങ്ങളില്‍ പെട്ടെന്ന് സഹായമെത്തിക്കാനും വയോജനങ്ങളുടേയും കുട്ടികളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കും ഇവരെ ഉപയോഗിക്കാനാവുമെന്നാണ് ഫയര്‍ സര്‍വീസ് വിഭാഗത്തിന്റെ വിലയിരുത്തല്‍. വോളണ്ടിയറായി തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് ചിട്ടയായ പരിശീലനം നല്‍കും. കായിക ക്ഷമത ഉയര്‍ത്തുന്ന പരിശീലനങ്ങള്‍, പ്രാഥമിക ചികിത്സാ പരിശീലനം, രക്ഷാപ്രവര്‍ത്തനങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പരിചയപ്പെടല്‍, പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രാദേശികമായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രാദേശികമായ സന്നദ്ധതയും ജാഗ്രതയും ഉറപ്പാക്കുന്നതിന് വോളണ്ടിയര്‍മാര്‍ ശേഖരിച്ച് സൂക്ഷിക്കേണ്ട വിവരങ്ങള്‍ എന്നിവയ്ക്ക് പുറമേ വ്യക്തിത്വ വികസനം, മാനസിക പിരിമുറുക്കം കുറയ്ക്കല്‍ തുടങ്ങിയവയും കൂടി ഉള്‍പ്പെടുന്ന വിധം സമഗ്രമായ പരിശീലനമാണ് നല്‍കുക. 

ഭരണ നിര്‍വ്വഹണത്തിനായി തിരുവനന്തപുരം അസ്ഥാനമായി ഒരു റീജിയണല്‍ ഫയര്‍ ഓഫീസറും ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരും സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. അതാത് ജില്ലാ കളക്ടര്‍മാരായിരിക്കും സേനയുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുക. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും.

ചടങ്ങില്‍ വി. എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മേയര്‍ കെ. ശ്രീകുമാര്‍, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ, ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഡയറക്ടര്‍ (ടെക്‌നിക്കല്‍) ആര്‍. പ്രസാദ്, ഡയറക്ടര്‍ (ഭരണം) എം. നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍ സ്വാഗതവും സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. സിദ്ധകുമാര്‍ നന്ദിയും പറഞ്ഞു.

സിവില്‍ ഡിഫന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ളവര്‍ക്ക് ഇന്ന് മുതല്‍ www.cds.fire.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: 0487 2328000, 0471 2320872. പദ്ധതിയില്‍ സേവന സന്നദ്ധരായവര്‍ക്ക് ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കും.