ഡെങ്കിപ്പനി, എലിപ്പനി രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

post

തൃശൂര്‍: കോവിഡ് രോഗബാധയുടെ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന അറിയിച്ചു. വേനല്‍ മഴയ്ക്ക് ശേഷം കൊതുകു സാന്ദ്രത വര്‍ദ്ധിച്ചതിനാല്‍ ഡെങ്കിപ്പനി കൂടുതല്‍ വ്യാപകമാകുന്നുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ആകെ 59 ഡെങ്കിപ്പനി കേസുകളും ആറ് എലിപ്പനി കേസുകളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തില്‍ ആകെ 35 ഡെങ്കിപ്പനി കേസുകളും മൂന്ന് എലിപ്പനി കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാലക്കുടി, വരന്തരപ്പിള്ളി, മറ്റത്തൂര്‍, പരിയാരം തുടങ്ങിയ മലയോര പ്രദേശങ്ങളിലും തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള അയ്യന്തോള്‍, ചുങ്കം, പൂത്തോള്‍, കോട്ടപ്പുറം പ്രദേശങ്ങളിലും മുണ്ടത്തിക്കോട് പരിസരത്തുമാണ് കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചാലക്കുടി, ഏങ്ങണ്ടിയൂര്‍, മാമ്പ്ര, അവിണിശ്ശേരി, പടിഞ്ഞാറേ വെമ്പല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.

ഡെങ്കിപ്പനി ലക്ഷണങ്ങള്‍

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഡെങ്കി വൈറസ് രണ്ടാമത്തെ പ്രാവശ്യം ഒരാളില്‍ പ്രവേശിച്ചാല്‍ രോഗം കൂടുതല്‍ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്

കൊതുക് വളരുന്ന മലിനമായ സാഹചര്യങ്ങള്‍ ഒഴിവാക്കുക, ചിരട്ടകള്‍, കുപ്പികള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന രീതിയില്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ കൊതുകുകള്‍ മുട്ടയിടാതിരിക്കാനായി വലകള്‍ കൊണ്ട് കെട്ടിവെക്കുക, കുളങ്ങളില്‍ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുക, കക്കൂസിന്റെ വെന്റ് പൈപ്പുകള്‍ വലകള്‍ കൊണ്ട് കെട്ടിവെക്കുക, കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകള്‍ നികത്തുക, ഓടകളിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളാണ് രോഗം തടയുന്നതിനായി സ്വീകരിക്കേണ്ടത്. കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍, ലേപനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കണം. മഴക്കാലം ആരംഭിക്കുന്നതോടുകൂടി കൊതുകുകളുടെ എണ്ണം കൂടുകയും രോഗം പടര്‍ന്നു പിടിക്കുവാനുള്ള സാഹചര്യങ്ങളും വര്‍ധിക്കുന്നു. കൊതുകു മൂലമുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ജില്ലാമെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

എലിപ്പനി കൃത്യസമയം ചികിത്സില്ലെങ്കില്‍ മാരകമാവും

എലിപ്പനി കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പെട്ടെന്ന് മാരകമായേക്കാം. പ്രധാനമായും എലിമൂത്രം കലര്‍ന്ന ജലം, മണ്ണ്, മാലിന്യങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയില്‍ക്കൂടി ഉള്ള സമ്പര്‍ക്കത്തിലൂടെ രോഗകാരിയായ ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്. മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധം.

രോഗ പകര്‍ച്ചയ്ക്കു സാധ്യതയുള്ള സാഹചര്യങ്ങളില്‍, ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓടകളിലും തോടുകളിലും വയലുകളിലും, കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നതും മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. ഇത്തരം തൊഴിലുകള്‍ ചെയ്യുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി രോഗത്തിനെതിരെ മുന്‍ കരുതല്‍ ചികിത്സ എന്ന നിലയില്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കട്ടി കൂടിയ റബ്ബര്‍ കാലുറകള്‍, കയ്യുറകള്‍ എന്നിവ ധരിക്കുന്നത് നല്ലതാണ്. കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ജോലിക്ക് പോകുന്നതിനു മുന്‍പും ജോലി കഴിഞ്ഞു വന്നതിനു ശേഷവും മുറിവുകള്‍ ആന്റിസെപ്റ്റിക് ലേപനങ്ങള്‍ ഉപയോഗിച്ച് ഡ്രസ് ചെയ്യേണ്ടതാണ്.

വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍. എലിപ്പനി പിടിപെടുന്നവരില്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടാകാമെന്നതിനാല്‍ മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കുവാനും സാദ്ധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. സ്വയംചികിത്സ യാതൊരു കാരണവശാലും പാടുള്ളതല്ല. ചികിത്സ തേടുന്നതിനുള്ള കാലതാമസം രോഗം ഗുരുതരമാകുവാനും മരണംവരെ സംഭവിക്കുവാനും ഇടയാക്കും.

ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍, പ്ലാന്റേഷന്‍ മേഖലകളിലെ പ്രത്യേക ക്യാമ്പയിന്‍, എല്ലാ സ്ഥാപനങ്ങളിലെയും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍, ഗൃഹസന്ദര്‍ശനബോധവത്കരണപരിപാടികള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രത്യേക പരിശോധനകള്‍ എന്നീ വിവിധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യസേന രൂപീകരിച്ചുകൊണ്ടു വാര്‍ഡ് തലങ്ങളില്‍ നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കൂടെ സഹകരണത്തോടെ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്തിവരുന്നുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളില്‍ സ്‌കൂളുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ പൊതുസ്ഥാപനങ്ങളിലും ഞായര്‍ ദിവസങ്ങളില്‍ വീടുകളിലും ഡ്രൈഡേ ആചരിച്ചുകൊണ്ടു ഓരോരുത്തരും പകര്‍ച്ചവ്യാധികളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ഡിഎംഒ അറിയിച്ചു.