സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം :സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വികാസ് ഭവന്‍ കോമ്പൗണ്ടില്‍ കേരള നിയമസഭാ മന്ദിരത്തിന് സമീപമാണ് പുതിയ മന്ദിരം. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. ചടങ്ങിനെത്തിയ എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നുവെന്ന് ഉറപ്പാക്കി. കൈകള്‍ സാനിറ്റൈസ് ചെയ്ത ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിപ്പിച്ചത്. വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ശാരീരികാകലം പാലിച്ചാണ് എല്ലാവരും പങ്കെടുത്തത്.

പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മിച്ചത്. ആധുനികത പ്രതിഫലിക്കുന്ന നിര്‍മാണശൈലിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 1997 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന് 8.14 കോടി രൂപ ചെലവായി. ഒന്നാം നിലയില്‍ കമ്മീഷണറുടെ മുറിയും കോര്‍ട്ട്ഹാളും രണ്ടും മൂന്നും നിലകളില്‍ സെക്രട്ടറിയുടെ മുറിയും ഉദ്യോഗസ്ഥരുടെ മുറികളുമാണുള്ളത്. വിശാലമായ സെക്ഷന്‍ ഓഫീസും ക്രമീകരിച്ചിട്ടുണ്ട്.

കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ്, സിസിടിവി ക്യാമറ, ബോര്‍ഡ് റൂം കോണ്‍ഫറന്‍സിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, പ്രൊജക്ടര്‍, മീറ്റിംഗ് ഹാളില്‍ ഓഡിയോ വീഡിയോ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍, വി. എസ്. ശിവകുമാര്‍ എം. എല്‍. എ, മേയര്‍ കെ. ശ്രീകുമാര്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌ക്കരന്‍, നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി എ. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.