എസ് എസ് എല്‍ സി പരീക്ഷ അവസാനിച്ചു; രണ്ടാംഘട്ട മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന്

തൃശൂര്‍ : ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ശേഷം മെയ് 26 ന് പുനരാരംഭിച്ച എസ് എസ് എല്‍ സി പരീക്ഷകള്‍ വ്യാഴാഴ്ച അവസാനിച്ചു. കെമിസ്ട്രിയായിരുന്നു അവസാന ദിവസത്തെ പരീക്ഷ. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച് 4.30 നാണ് പരീക്ഷ അവസാനിച്ചത്. കോവിഡ് 19 പശ്ചാത്തലത്തില്‍ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നിങ്ങനെ മൂന്ന് പരീക്ഷകളാണ് രണ്ട് മാസക്കാലം നടത്താന്‍ കഴിയാതെ വന്നത്. അല്‍പ്പം കാത്തിരിക്കേണ്ടി വന്നെങ്കിലും മൂന്ന് പരീക്ഷകളും എളുപ്പമായതിന്റെ ആശ്വാസത്തിലാണ് വിദ്യാര്‍ത്ഥികള്‍.
259 പരീക്ഷാ കേന്ദ്രങ്ങളിലായി 35,319 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കിയ ആദ്യഘട്ട പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ മെയ് 18 ന് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പരീക്ഷ പൂര്‍ണ്ണമായി അവസാനിക്കുന്നതിന് മുമ്പ് മൂല്യനിര്‍ണയം ആരംഭിച്ചത്. മെയ് 26ന് പരീക്ഷകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി മെയ് 22ന് ക്യാമ്പുകള്‍ വീണ്ടും നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പൂര്‍ത്തിയാക്കിയ പരീക്ഷകളുടേതടക്കം മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് വീണ്ടും ആരംഭിക്കും. ജില്ലയില്‍ നാല് മൂല്യനിര്‍ണയ ക്യാമ്പുകളാണുള്ളത്. തൃശൂര്‍ ഗവ മോഡല്‍ ബോയ്‌സ് സ്‌കൂള്‍, ഗവ മോഡല്‍ ഗേള്‍സ് സ്‌കൂള്‍, എസ് എച്ച് സി ജി എച്ച് ചാലക്കുടി, ഗവ മോഡല്‍ ഗേള്‍സ് സ്‌കൂള്‍ ചാലക്കുടി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. സാമൂഹിക അകലം പാലിച്ചാണ് ക്യാമ്പില്‍ അധ്യാപകര്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം പരീക്ഷകള്‍ നാളെയാണ് (മെയ് 30) അവസാനിക്കുക. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷകള്‍ നടത്തുന്നത്.