മൂന്ന് തീവണ്ടികളിലായി 3276 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി

post

കോഴിക്കോട്: ജില്ലയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള 06022 പ്രത്യേക തീവണ്ടിയില്‍ ഇന്നലെ (28.05.20) താമരശ്ശേരി താലൂക്കില്‍ നിന്നായി 1437 ഉം വടകര താലൂക്കില്‍ നിന്ന് 27 പേരും ഉള്‍പ്പെടെ 1464 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചു. രാത്രി 9 മണിക്ക് പുറപ്പെട്ട തീവണ്ടിയില്‍ 24 കോച്ചുകളാണുണ്ടായിരുന്നത്. എല്ലാവരുടെയും യാത്രാനിരക്ക് ബംഗാള്‍ സര്‍ക്കാറാണ് വഹിച്ചത്.

ഉത്തര്‍ പ്രദേശിലെ ഗോണ്ടയിലേക്കുള്ള പ്രത്യേക തീവണ്ടിയില്‍ വടകര, താമരശ്ശേരി താലൂക്കുകളില്‍ നിന്നായി 1426 അതിഥി തൊഴിലാളികളും ഇന്നലെ നാട്ടിലേക്ക് മടങ്ങി. രാത്രി എട്ട് മണിക്ക് പുറപ്പെട്ട തീവണ്ടിയില്‍ 24 കോച്ചുകളാണ് ഉണ്ടായിരുന്നത്. 940 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കിയത്.

പാലക്കാട് നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ട പ്രത്യേക തീവണ്ടിയില്‍ കോഴിക്കോട് നിന്ന് 386 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 17 ബസുകളിലായാണ് ഇവരെ പാലക്കാട്ടേക്ക് എത്തിച്ചത്.

മുഴുവന്‍ അതിഥി തൊഴിലാളികളെയും ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് ക്യാമ്പുകളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനുകളിലേക്ക് എത്തിച്ചത്. എല്ലാവര്‍ക്കും ഭക്ഷണവും കുടിവെള്ളവും നല്‍കിയാണ് ജില്ലാ ഭരണകൂടം യാത്രയാക്കിയത്.