കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ 'ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍'

post

കാക്കനാട്: ജില്ലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ 'ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍' കര്‍മ്മപദ്ധതി രൂപീകരിക്കാന്‍ നിയമസഭ സമിതി നിര്‍ദ്ദേശിച്ചു. പാറമടകളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആര്‍. രാമചന്ദ്രന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുക്കാനെത്തിയ, ഹരജികള്‍ സംബന്ധിച്ച സമിതിയുടേതാണ് തീരുമാനം. കെ. ബി. ഗണേഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായ സമിതി കളക്ടറേറ്റില്‍ പൊതുപ്രവര്‍ത്തകരില്‍ നിന്നും പരിസ്ഥിതി - സന്നദ്ധ സംഘടന പ്രവര്‍ത്തകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു. ജില്ലാ കളക്ടര്‍ക്കാണ് നിര്‍വഹണച്ചുമതല. 

പോലീസ്, മോട്ടോര്‍ വാഹനം, ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പാറമടകളില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ മലിനജലം വിതരണം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് സമിതി അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ ഹൈഡ്രന്റുകളില്‍ നിന്ന് മാത്രമേ വിതരണത്തിനുള്ള കുടിവെള്ളം ശേഖരിക്കാവൂ. ഇത് പ്രാബല്യത്തില്‍ വരുന്നതുവരെ 15 ദിവസം കിണറുകളില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ സമിതി അനുമതി നല്‍കി.  

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍:

  1. ടാങ്കര്‍ അല്ലെങ്കില്‍ മിനി ലോറികളില്‍ കൊണ്ടുപോകുന്ന ശുദ്ധജലം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പോലീസോ തടയാന്‍ പാടില്ലെന്ന നിലവിലെ ഉത്തരവ് പിന്‍വലിക്കും. 
  2. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ജലം വാട്ടര്‍ അതോറിറ്റി തന്നെ വിതരണം ചെയ്യണം.
  3. ടാങ്കറുകളില്‍ കുടിവെള്ളം കൊണ്ടുപോകുന്നതിനുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രകാരമുള്ള ലൈസന്‍സ് എടുക്കാത്ത വാഹന ഉടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. 
  4. ലൈസന്‍സുള്ള വാഹനങ്ങളില്‍ മാത്രം കുടിവെള്ള വിതരണം നടത്തണം. ജലവിതരണത്തിനുള്ള ടാങ്കര്‍ ലോറികള്‍ കളക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
    കുടിവെള്ള വിതരണ ടാങ്കറുകളില്‍ കുടിവെള്ളമെന്നും മറ്റാവശ്യങ്ങള്‍ക്കുള്ള ടാങ്കറുകളില്‍ അക്കാര്യവും രേഖപ്പെടുത്തുകയും ടാങ്കറുകള്‍ക്ക് പ്രത്യേക നിറം നല്‍കുകയും വേണം. 
  5. കുടിവെള്ള ടാങ്കറിന് ഉള്‍വശത്ത് ഇ.പി.ഐ. കോട്ടിംഗ് നിര്‍ബന്ധമാണ്.  
  6. നിര്‍വ്വഹണ ഉദ്യോഗസ്ഥരടങ്ങിയ സംഘം ജലവിതരണം നിരീക്ഷിക്കുകയും കളക്ടര്‍ക്ക് മാസം തോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. 
  7. പരിശോധന നടത്തുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും സംബന്ധിച്ച് ജില്ലാ കളക്ടര്‍ ജാഗ്രത പുലര്‍ത്തണം. ലംഘനമുണ്ടായാല്‍  കര്‍ശന നടപടി സ്വീകരിക്കണം.
  8. വിതരണം ചെയ്യുന്ന ജലം സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ശുദ്ധി ഉറപ്പാക്കണം. 
  9. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് കൃത്യമാണോയെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിക്കുകയും ജല അതോറിറ്റിയില്‍ നിന്നും കുടിവെള്ളം ശേഖരിച്ച് കൂടിയ വിലക്ക് മറിച്ചുവില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. 
  10. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്കറുകളില്‍ ജി.പി.എസ്. നിര്‍ബന്ധമാക്കണം. 
  11. പാറമടകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം കുടിവെള്ളമായി വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും മലിനജലം വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും ഫുഡ് സേഫ്റ്റി സ്‌ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്തണം. 
  12. കുടിവെള്ളം നിര്‍മ്മാണ ആവശ്യത്തിന് വിതരണം ചെയ്യാന്‍ പാടില്ല. 
  13. കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ കളക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കണം. 
  14. സ്വകാര്യ ടാങ്കര്‍ ലോറികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലചൂഷണം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കണം.
  15. കുടിവെള്ളം നിറച്ച ശേഷം വാട്ടര്‍ അതോറിറ്റി സീല്‍ ചെയ്ത് ബില്‍ നല്‍കിയ ശേഷമേ ടാങ്കറുകള്‍ അയക്കാവൂ. ഇത് ഗുണഭോക്താവിന് പരിശോധനക്ക് വിധേയമാക്കാവുന്നതാണ്. 

വെള്ളം കൊണ്ടുപോകുന്ന ടാങ്കറുകളുടെ നിറം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മലിനജലം കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് ബ്രൗണ്‍ നിറവും ശുചിമുറി മാലിന്യം കൊണ്ടു പോകുന്ന ടാങ്കറുകള്‍ക്ക് മഞ്ഞ നിറവും ശുദ്ധജലം കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് നീല നിറവുമാണ് നല്‍കേണ്ടത്. വെള്ളം നിറച്ച് കൊടുക്കുന്നതിനായി കൂടുതല്‍ ഹൈഡ്രെന്റുകള്‍ സ്ഥാപിക്കാനുള്ള സംവിധാനം വാട്ടര്‍ അതോറിറ്റി തയാറാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. 

നിയമസഭാ സമിതി അംഗങ്ങളും എംഎല്‍എമാരുമായ പി. ഉബൈദുള്ള, വി. പി. സജീന്ദ്രന്‍, ഒ. രാജഗോപാല്‍, സി. മമ്മൂട്ടി, ആര്‍. രാമചന്ദ്രന്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഐജി വിജയ് സാക്കറേ, ഡിസിപി ജി പൂങ്കുഴലി, എഡിഎം കെ. ചന്ദ്രശേഖരന്‍ നായര്‍, ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.