ഹയര്‍ സെക്കണ്ടറി പരീക്ഷയും സമാപിച്ചു

post

കണ്ണൂര്‍ : ആരവങ്ങളോ ആര്‍പ്പുവിളികളോ ഇല്ലാതെ ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് സമാപനം. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് തെല്ലും ആശങ്കകയ്ക്ക്് വക നല്‍കാതെയാണ് അവസാനിച്ചത്.

രാവിലെ രണ്ടാം വര്‍ഷം, ഉച്ചയ്ക്ക് ഒന്നാം വര്‍ഷം എന്നിങ്ങനെയാണ് പരീക്ഷകള്‍ നടത്തിയത്. ജില്ലയില്‍ 157 സ്‌കൂളുകളിലായി 23980 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കണ്ടറി പ്ലസ് ടു പരീക്ഷ എഴുതി. 24327 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും 347 പേര്‍ പരീക്ഷയ്ക്ക് ഹാജരായില്ല. ഇതില്‍ 225 വിദ്യാര്‍ഥികള്‍ മാര്‍ച്ചിലെ പരീക്ഷയും എഴുതാത്തവരാണ്. സെന്റര്‍ മാറ്റം വാങ്ങിയ 366 പേരില്‍ 345 പേര്‍ ജില്ലയില്‍ പരീക്ഷ എഴുതി. പരീക്ഷയെഴുതിയവരില്‍ 78 പേര്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ട വീടുകളില്‍ നിന്ന് എത്തിയവരാണ്. പനിയും മറ്റു അസുഖങ്ങളുമുള്ള 29 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മുറിയില്‍ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കി. വി എച്ച് എസ് ഇ വിഭാഗത്തില്‍ ജില്ലയില്‍ 12 സ്‌കൂളുകളിലായി 489 വിദ്യാര്‍ഥികള്‍  പ്ലസ് ടു പരീക്ഷ എഴുതി. 502 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും 13 പേര്‍ പരീക്ഷയ്ക്ക് ഹാജരായില്ല. ഇതില്‍ അഞ്ച് വിദ്യാര്‍ഥികള്‍ നേരത്തേ നടന്ന പരീക്ഷയും എഴുതാത്തവരാണ്. സെന്റര്‍ മാറ്റം വാങ്ങിയ ഒരു വിദ്യാര്‍ഥിയും ജില്ലയില്‍ പരീക്ഷ എഴുതി.

ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷ 157 സ്‌കൂളുകളിലായി 14333 വിദ്യാര്‍ഥികള്‍ എഴുതി. 14487 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 154 പേര്‍ പരീക്ഷയ്ക്ക് ഹാജരായില്ല. 96 പേര്‍ മുമ്പുള്ള പരീക്ഷയ്ക്കും ഹാജരായിരുന്നില്ല. സെന്റര്‍ മാറ്റം വാങ്ങിയ 161 വിദ്യാര്‍ഥികളില്‍ 152 പേര്‍ പരീക്ഷ എഴുതി. ക്വാറന്റൈന്‍ ചെയ്യപ്പെട്ട വീടുകളില്‍ നിന്നുള്ള 38 പേര്‍ പരീക്ഷയ്ക്കായി എത്തിയിരുന്നു. പനി, മറ്റു അസുഖങ്ങള്‍ കാരണം എട്ട് പേര്‍ക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേക സൗകര്യമൊരുക്കി.

വി എച്ച് എസ് ഇ വിഭാഗത്തില്‍ ജില്ലയില്‍ 19 സ്‌കൂളുകളിലായി 1191 വിദ്യാര്‍ഥികളാണ്  പ്ലസ് വണ്‍ പരീക്ഷ എഴുതിയത്. രജിസ്റ്റര്‍ ചെയ്ത 1213 വിദ്യാര്‍ഥികളില്‍ 22 പേര്‍ പരീക്ഷയ്ക്ക് ഹാജരായില്ല. ഇതില്‍ 21 വിദ്യാര്‍ഥികള്‍ മുമ്പുള്ള പരീക്ഷയും എഴുതാത്തവരാണ്. സെന്റര്‍ മാറ്റം വാങ്ങിയ 15 വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും ജില്ലയില്‍ പരീക്ഷ എഴുതി.

തദ്ദേശ സ്ഥാപനങ്ങള്‍, സ്‌കൂള്‍ അധികൃതര്‍, പി ടി എ ഭാരവാഹികള്‍, ആരോഗ്യവകുപ്പ്, പോലീസ് വകുപ്പ്,  എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പരീക്ഷകള്‍ നടത്തിയത്. പരീക്ഷകള്‍ തുടങ്ങുന്നതിനു മുമ്പും ശേഷവും  പരീക്ഷ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കാന്‍ അഗ്നി രക്ഷാ സേനയും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി.